വാഷിങ്‍ടൺ ഡിസി : ക്രൈസ്തവ നിലപാടുകളില്‍ ശ്രദ്ധേയനും യു.എസ് വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്കിന്റെ വിയോഗത്തിന്റെ വേദനകൾ യേശുവിൽ സമർപ്പിച്ച് ഭാര്യ എറിക്ക.
പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട ജീവിതം നയിക്കുന്ന എറിക്ക ഈ സാഹചര്യം യേശുക്രിസ്തുവിന് സമര്‍പ്പിച്ച് മുന്നോട്ട് പോകുമെന്ന് ചാര്‍ളി സ്ഥാപിച്ച ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക പങ്കാളിയും സുഹൃത്തുമായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
കാമറയ്ക്ക് മുന്നില്‍ മാത്രമല്ല ജീവിതത്തിലെ ഓരോ നിമിഷത്തിലും അവര്‍ തുടര്‍ന്നിരുന്നത് വിശ്വാസത്തില്‍ ആഴപ്പെട്ട ജീവിത രീതിയാണെന്നും അദേഹം വിശദീകരിച്ചു. വിശ്വാസത്തില്‍ അവര്‍ക്ക് അത്രയും ഉറച്ച ആശ്രയം ഉള്ളതിനാല്‍ നിലവിലെ പ്രതിസന്ധികളെ അവര്‍ക്ക് നേരിടാന്‍ കഴിയും. സ്വർഗത്തിൽ നിന്ന് മാത്രം ലഭിക്കുന്ന ശക്തിയോടെ ഇതിലൂടെ കടന്നു പോകാൻ എറിക്കയ്ക്ക് കഴിവുണ്ടെന്നും പോസോബിക്ക് പ്രത്യാശ പ്രകടിപ്പിച്ചു.
ചാർളി കിര്‍ക്ക് വെടിയേറ്റ് മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് "ദൈവമാണ് നമ്മുടെ അഭയവും ശക്തിയും കഷ്ടതകളില്‍ അവിടുന്നു സുനിശ്ചിതമായ തുണയാണ്" (സങ്കീര്‍ത്തനങ്ങള്‍ 46:1) എന്ന വചനം എറിക്ക പോസ്റ്റ് ചെയ്തിരുന്നു.
എറിക്ക അടുത്തിടെ BIBLEin365 എന്ന പേരിൽ ആരംഭിച്ച ഓണ്‍ലൈന്‍ മിനിസ്ട്രിക്ക് വലിയ സ്വീകാര്യത ലഭിച്ചിരിന്നു. ഓണ്‍ലൈനിലൂടെ ക്രൈസ്തവരുമായി സഹകരിച്ച് ബൈബിൾ വായിക്കുകയും സുവിശേഷം പ്രഖ്യാപിക്കുകയും സമൂഹത്തിലെ ക്രിസ്ത്യൻ നേതാക്കളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഉദ്യമമായിരിന്നു ഇത്.
അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെടുന്ന കൂട്ടവെടിവയ്പ്പിനെക്കുറിച്ച് യുഎസിലെ ഊട്ടാ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് 31-കാരനായ ചാർളിയുടെ കഴുത്തില്‍ വെടിയേറ്റത്. അമേരിക്കയിലെ കോളജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് രാജ്യത്തെ 15-ല്‍ പരം യൂണിവേഴ്‌സിറ്റികളില്‍ നടത്താനിരുന്ന പ്രോഗ്രാമുകളുടെ തുടക്കമായിരുന്നു അവിടെ നടന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വലിയൊരു ആത്മബന്ധം കിര്‍ക്കിന് ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരന്റെ നിലപാടുകള്‍ ട്രംപിനെയും ഏറെ ആകര്‍ഷിച്ചിരുന്നു.
പരിശുദ്ധ ദൈവമാതാവിന്റെ തികഞ്ഞ ഭക്തനായിരുന്ന കിര്‍ക്ക് അമേരിക്കന്‍ കോളേജ് കാമ്പസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. തന്റെ 18-ാം വയസിലാണ് ‘ടേണിംഗ് പോയിന്റ് യുഎസ്എ’ എന്ന കാമ്പസ് കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ഈ സംഘടനക്ക് അമേരിക്കയിലെ 800-ലധികം കോളജ് കാമ്പസുകളില്‍ ഇപ്പോള്‍ ആഴത്തില്‍ വേരുകളുണ്ട്. എക്‌സില്‍ 52 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ചാര്‍ളി കിര്‍ക്കിന്റെ ഓരോ മാസത്തെ പോഡ്കാസ്റ്റുകള്‍ക്ക് ലക്ഷങ്ങളായിരുന്നു ശ്രോതാക്കള്‍. വലിയൊരു രാഷ്ട്രീയ ഭാവിയുള്ള ചെറുപ്പക്കാരനായിട്ടാണ് എല്ലാവരും തന്നെ അദേഹത്തെ കണ്ടിരുന്നത്.
പക്ഷേ അബോര്‍ഷന്‍ തുടങ്ങിയ തിന്മകള്‍ക്കെതിരെയുള്ള നിലപാടുകളില്‍ നിന്ന് അല്പം പോലും പിറകോട്ടുപോകാന്‍ അദേഹം തയാറായിരുന്നില്ല. ജെന്‍ഡര്‍ ഐഡന്റിറ്റി, വിശ്വാസം, കുടുംബ മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി അദേഹം സംവാദം നടത്തുന്നതിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
രാഷ്ട്രീയം, മതം, മാധ്യമങ്ങള്‍, ബിസിനസ്, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, കല, വിനോദം എന്നിവയെ സംബന്ധിച്ച് വളരെ കൃത്യമായ കാഴ്ചപ്പാടുകള്‍ സംവാദങ്ങളിലൂടെ കിര്‍ക്ക് യുവജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. ഇവിടെയെല്ലാം അദേഹത്തെ നയിച്ചത് ക്രൈസ്തവ സഭയുടെ നിലപാടുകളായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.