വാഷിങ്ടണ്‍: ഗാസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനും യുദ്ധാനന്തര ഭരണ സംവിധാനം സ്ഥാപിക്കുന്നതിനുമായി 21 ഇന നിര്‍ദേശം മുന്നോട്ട് വച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
പടിഞ്ഞാറന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് ട്രംപ് 21 ഇന പദ്ധതി അവതരിപ്പിച്ചത്. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
'മുസ്ലീം നേതാക്കളുമായി നടത്തിയ യോഗത്തില്‍ ഗാസയില്‍ സമാധാനത്തിനായി ഞങ്ങള്‍ ട്രംപിന്റെ 21 ഇന പദ്ധതി അവതരിപ്പിച്ചു. ഇത് ഇസ്രയേലിന്റെയും മേഖലയിലെ എല്ലാ അയല്‍ രാജ്യങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നുവെന്ന് കരുതുന്നു'- മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
അതിനിടെ പാലസ്തീന്റെ ഭാഗമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് മുസ്ലിം നേതാക്കള്‍ക്ക് ട്രംപ് ഉറപ്പ് നല്‍കിയതായി വെബ്സൈറ്റായ പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ മുനമ്പും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഇസ്രയേല്‍ ശക്തമാക്കുന്നതിനിടെയാണ് മുസ്ലീം നേതാക്കള്‍ക്ക് ട്രംപിന്റെ ഉറപ്പ്. എന്നാല്‍, ഗാസയെക്കുറിച്ച് ട്രംപ് സമാനമായ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടെ താമസിക്കുന്ന എല്ലാ പാലസ്തീനികളെയും പുറത്താക്കുമെന്നും പാലസ്തീന്‍ മേഖലയെ റിസോര്‍ട്ട് ടൗണാക്കി മാറ്റുമെന്നും ട്രംപ് മുന്‍പ് പറഞ്ഞിരുന്നു. ഇതിനെതിരെ അറബ് രാജ്യങ്ങളെല്ലാം രംഗത്ത് വരികയും ചെയ്തിരുന്നു.
അതേസമയം വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ ഗാസയ്ക്കു മേല്‍ ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിക്കുകയാണ്. ബ്രിട്ടണ്‍, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് ശേഷവും വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കുന്നത് തുടരുമെന്ന് നെതന്യാഹു പറഞ്ഞു.
'ജൂദിയയിലും സമരിയയിലും ജൂത കുടിയേറ്റം ഇരട്ടിയാക്കി ഞങ്ങള്‍ ഈ പാതയില്‍ തന്നെ തുടരും'- ബൈബിളിലെ പേരുകള്‍ ഉപയോഗിച്ച് വെസ്റ്റ് ബാങ്കിനെ പരാമര്‍ശിച്ചുകൊണ്ട് അദേഹം വ്യക്തമാക്കി.
ജൂദിയയിലും സമരിയയിലും ഉടനടി പരമാധികാരം പ്രയോഗിക്കണമെന്നും പാലസ്തീന്‍ അതോറിറ്റിയെ പൂര്‍ണമായും പിരിച്ചു വിടണമെന്നും തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.