വാഷിങ്ടൺ: ഗാസയിൽ ഉടൻ യുദ്ധം അവസാനിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഡിൽ ഈസ്റ്റിൽ മഹത്തായൊരു നേട്ടത്തിന് ഞങ്ങൾക്കൊരു അവസരമുണ്ടെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
"മിഡിൽ ഈസ്റ്റിൽ മഹത്തായൊരു നേട്ടത്തിന് ഞങ്ങൾക്കൊരു അവസരമുണ്ട്. ചില സവിശേഷ കാര്യങ്ങൾക്കായുള്ള തയ്യാറെടുപ്പിലാണ് ഏവരും. ആദ്യമായി അത് നാം നേടിയിരിക്കും" - എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. യുഎന്നിൽ ഉൾപ്പെടെ ചർച്ചകൾ നടന്ന സാഹചര്യത്തിൽ ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ചായിരിക്കും ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നാണ് അഭ്യൂഹങ്ങൾ.
അഭ്യൂഹങ്ങളെ ശരിവയ്ക്കുന്നതാണ് നെതന്യാഹുവിന്റെ വാക്കുകൾ. "അക്കാര്യത്തിൽ ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അത് അന്തിമരൂപമായിട്ടില്ല. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ സംഘത്തിനൊപ്പം ഞങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
ഞങ്ങളുടെ ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന്റെ ഭരണത്തിൽ നിന്ന് മുക്തി നേടാൻ, അവരെ നിരായുധരാക്കാൻ, ഗാസയെ സൈനികമുക്തമാക്കാൻ, ഗാസക്കാർക്കും ഇസ്രയേലികൾക്കും മുഴുവൻ മേഖലയ്ക്കും ഒരു പുതിയ ഭാവി സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ അക്കാര്യത്തിലൊരു ശ്രമമാകാമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്" - ഫോക്സ് ന്യൂസിനോട് സംസാരിക്കവെ നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ വെടിനിർത്തൽ സംബന്ധിച്ച കരാർ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് ട്രംപും സമ്മതിക്കുന്നുണ്ട്. "ചർച്ചകൾ അവസാനഘട്ടത്തിലാണ്. എല്ലാവരും ഒരു കരാറിനായി ഒരുമിച്ച് വന്നിട്ടുണ്ട്. പക്ഷേ അത് പൂർത്തിയാക്കേണ്ടതുണ്ട്. ഹമാസും അതിനൊപ്പമുണ്ട്. അറബ് ലോകം സമാധാനം ആഗ്രഹിക്കുന്നു. ഇസ്രയേൽ സമാധാനം ആഗ്രഹിക്കുന്നു. ബിബി സമാധാനം ആഗ്രഹിക്കുന്നു. ഇത് നാം പൂർത്തിയാക്കിയാൽ ഇസ്രയേലിനും മിഡിൽ ഈസ്റ്റിനും അത് മഹത്തായൊരു ദിവസമായിരിക്കും."- ട്രംപ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.