ട്രംപിന്റെ 'ഡിഫറഡ് റെസിഗ്‌നേഷന്‍ ഓഫര്‍': അമേരിക്കയില്‍ ചൊവ്വാഴ്ച രാജി വെക്കുന്നത് ഒരു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍; ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി

ട്രംപിന്റെ 'ഡിഫറഡ് റെസിഗ്‌നേഷന്‍ ഓഫര്‍':  അമേരിക്കയില്‍ ചൊവ്വാഴ്ച രാജി വെക്കുന്നത് ഒരു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍; ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജി

വാഷിങ്ടണ്‍: ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം അമേരിക്കയിലെ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിന്ന് ചൊവ്വാഴ്ച ഒരു ലക്ഷം പേര്‍ രാജി വെക്കുമെന്നറിയുന്നു.  അപ്രകാരം സംഭവിച്ചാല്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിയായിരിക്കും അത്.

സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ഫണ്ട് ഉറപ്പാക്കാനുള്ള ബില്‍ പാസാക്കാന്‍ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതില്‍ അസ്വസ്ഥനായ ട്രംപ് ഡെമോക്രാറ്റ് നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുകയാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂട്ട പിരിച്ചുവിടലായിരിക്കും ഉണ്ടാവുകയെന്ന് ട്രംപ് മുന്‍കൂട്ടി ഭീഷണി മുഴക്കിയിട്ടുണ്ട്.

സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം 2.75 ലക്ഷം പേരാണ് ആകെ രാജി വെക്കുന്നത്. തുടക്കത്തില്‍ എട്ട് മാസത്തെ അവധിയില്‍ വിടും. ഈ കാലയളവില്‍ ശമ്പളം ലഭിക്കും. വിരമിക്കല്‍ ആനുകൂല്യമായി മൊത്തം 14.8 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1.30 ലക്ഷം കോടി രൂപ) ഭീമമായ ചെലവ് ട്രംപ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന് ജൂലൈയില്‍ പുറത്തുവിട്ട സെനറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇത്രയും പേര്‍ രാജി വെയ്ക്കുന്നതു വഴി പ്രതിവര്‍ഷം 28 ബില്യണ്‍ ഡോളര്‍ (2.5 ലക്ഷം കോടി രൂപ) സര്‍ക്കാരിന് ലാഭിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അമേരിക്കയില്‍ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും പേര്‍ ഫെഡറല്‍ സര്‍വീസില്‍ നിന്ന് പുറത്തു പോകുന്നത്.

വിആര്‍എസിന് സമാനമാണ് ട്രംപ് കൊണ്ടുവന്ന ഡിഫറഡ് റെസിഗ്‌നേഷന്‍ ഓഫര്‍. ഇത് അംഗീകരിച്ച ജീവനക്കാരാണ് പടിയിറങ്ങുന്നത്. അതേസമയം സമ്മര്‍ദ്ദം മൂലം ജീവനക്കാര്‍ രാജി വെക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.