ബൈബിള്‍ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണം; പട്ടികയില്‍ ഒന്നാമത് സൊമാലിയ, രണ്ടാമത് അഫ്ഗാനിസ്ഥാന്‍

ബൈബിള്‍ ഉപയോഗിക്കുന്നതിന് 33 രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണം; പട്ടികയില്‍ ഒന്നാമത് സൊമാലിയ, രണ്ടാമത് അഫ്ഗാനിസ്ഥാന്‍

ഇറാന്‍, യെമന്‍, ഉത്തര കൊറിയ, എറിത്രിയ, ലിബിയ, അള്‍ജീരിയ,  തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവ ബൈബിളിന് തീവ്ര നിയന്ത്രണമുള്ള രാജ്യങ്ങളുടെ വിഭാഗത്തില്‍ പെടുന്നു. കടുത്ത നിയന്ത്രണങ്ങള്‍ എന്ന വിഭാഗത്തില്‍ പാകിസ്ഥാന്‍, ചൈന, സൗദി അറേബ്യ, ഭൂട്ടാന്‍, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളുണ്ട്.

ന്യൂയോര്‍ക്ക്: സൊമാലിയയും അഫ്ഗാനിസ്ഥാനും അടക്കം ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്.

ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെയും ഡിജിറ്റല്‍ ബൈബിള്‍ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ 'ബൈബിള്‍ ആക്സസ് ലിസ്റ്റ്' പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബൈബിളുകള്‍ ലഭിക്കുന്നതില്‍ നിന്ന് ആളുകളെ നിയമപരമായ വിധത്തിലും മറ്റ് സുരക്ഷാ പരിമിതികള്‍ മൂലവും തടയുന്ന പ്രവണതയാണ് ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

ബൈബിളിന് കടുത്ത നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സൊമാലിയയാണ്. ഇവിടെ ബൈബിള്‍ ലഭ്യത കേവലം നിയന്ത്രണവിധേയമല്ല, മറിച്ച് നിയമ വിരുദ്ധമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ബൈബിളുകള്‍ അച്ചടിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ വിതരണം ചെയ്യുന്നതോ നിയമ വിരുദ്ധമാണ്. ഒരു പകര്‍പ്പ് പോലും പലര്‍ക്കും ലഭ്യമല്ലാത്ത സാഹചര്യമുള്ളത്.

രണ്ടാം സ്ഥാനത്ത് തീവ്ര ഇസ്ലാമിക നിലപാടുള്ള താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനാണ്. ബൈബിള്‍ അച്ചടിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് താലിബാന്‍ നിരോധിച്ചിരിക്കുകയാണെന്നും ഓണ്‍ലൈനില്‍ പോലും ബൈബിള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

യെമന്‍, ഉത്തര കൊറിയ, എറിത്രിയ, ലിബിയ, അള്‍ജീരിയ, ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവ ബൈബിളിന് തീവ്ര നിയന്ത്രണമുള്ള വിഭാഗത്തില്‍പെടുന്ന രാജ്യങ്ങളാണ്.

ഇത്തരം രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ സ്വന്തം ഭാഷയിലോ മറ്റോ ബൈബിള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും മറ്റുള്ളവര്‍ക്ക് നിയമപരമായി ഇറക്കുമതി ചെയ്യാനോ അച്ചടിക്കാനോ കൈവശം വയ്ക്കാനോ കഴില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കടുത്ത നിയന്ത്രണങ്ങള്‍ എന്ന വിഭാഗത്തില്‍ 18 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്‍, ചൈന, സൗദി അറേബ്യ, ഭൂട്ടാന്‍, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിഭാഗത്തിലാണ്. ബൈബിള്‍ പ്രതിസന്ധി പരിഹരിക്കാന്‍ ആഗോള ക്രിസ്ത്യന്‍ സംഘടനകളും സര്‍ക്കാരുകളും, വിശ്വാസ സമൂഹങ്ങളും പ്രതികരിക്കണമെന്നാണ് സംഘടനയുടെ ആഹ്വാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.