മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍; മോഡിയുമായി നാളെ കൂടിക്കാഴ്ച

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയില്‍; മോഡിയുമായി നാളെ കൂടിക്കാഴ്ച

ഗാസ, റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തും

മുംബൈ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമര്‍ ഇന്ത്യയില്‍. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്റെയും സംസ്ഥാന ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് സ്റ്റാമെര്‍ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ജൂലൈ 24 ന് പുതിയ വ്യാപാര ഉടമ്പടി ഒപ്പുവച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്ന നിലയില്‍ പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഏറെയാണ്.

മുബൈയില്‍ നടക്കുന്ന ആറാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തും. ഗാസ, റഷ്യ-ഉക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളിലും നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് ലോക ശക്തികളുമായി വളരെ നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ ചര്‍ച്ചകളിലെ പുരോഗതി പിന്തുടര്‍ന്ന് ബ്രിട്ടനുമായും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാനാകും ഇന്ത്യ ശ്രമിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.