'വിശുദ്ധിതന്‍ താരകം' - ആല്‍ബം പ്രകാശനം ചെയ്തു

 'വിശുദ്ധിതന്‍ താരകം' - ആല്‍ബം പ്രകാശനം ചെയ്തു

നോര്‍ത്ത് ഡാളസ് /ഫ്രിസ്‌കോ: ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍ വരികളെഴുതി, ഈണം ഒരുക്കിയ 'വിശുദ്ധിതന്‍ താരകം' എന്ന ഭക്തിഗാന ആല്‍ബം ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു.

ഒക്ടോബര്‍ നാലിന് വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനിലായിരുന്നു പ്രകാശന കര്‍മ്മം. വിശുദ്ധയുടെ മധ്യസ്ഥതയിലുള്ള അമേരിക്കയിലെ പ്രഥമ മിഷനിലെ പുണ്യവതിയുടെ തിരുനാള്‍ കൊടിയേറ്റിനോട് അനുബന്ധിച്ചായിരുന്നു ആല്‍ബം പ്രകാശനം നടത്തിയത്.

വിശുദ്ധ മറിയം ത്രേസ്യായോടുള്ള പ്രാര്‍ഥനാഗീതമാണ് 'വിശുദ്ധിതന്‍ താപസ കന്യകയേ' എന്ന് തുടങ്ങുന്ന മനോഹരവും ഹൃദ്യവുമായ ഈ മെലഡി ഗാനം. കെസ്റ്റര്‍ അതിമനോഹരമായി ആലപിച്ചിരിക്കുന്നു. അമേരിക്കയിലെ ഗാന വേദികളില്‍ സുപരിചതനും നിരവധി ഡിവോഷണല്‍ ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കിയ സ്‌കറിയ ജേക്കബ് ഇതിന്റെയും ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നു.

കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, സ്‌കറിയ ജേക്കബ്, മിഷന്‍ ട്രസ്റ്റിമാരായ റെനോ അലക്‌സ്, ബോസ് ഫിലിപ്പ്, വിനു ആലപ്പാട്ട് (സിസിഡി), റോയ് വര്‍ഗീസ് (അക്കൗണ്ടന്റ്), ജോര്‍ജ് ബിജു (സെക്രട്ടറി) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുടുംബ നവീകരണത്തിനും കുട്ടികളുടെ വിശുദ്ധീകരണത്തിനുമായി നോര്‍ത്ത് ഡാളസിലെ എല്ലാ കുടുംബങ്ങള്‍ക്കായും പ്രത്യേകിച്ച് മിഷനിലെ ഗാന ശുശ്രൂഷകര്‍ക്കായും ഈ ഗാനോപഹാരം സമര്‍പ്പിക്കുന്നതായി സെന്റ്. മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷന്റെ ഡയറക്ടര്‍ കൂടിയായ ഫാ. ജിമ്മി എടക്കുളത്തൂര്‍ പറഞ്ഞു.

കുടുംബങ്ങളുടെ പ്രേഷിതയും തിരുക്കുടുംബ സന്ന്യാസിനീ സഭയുടെ സ്ഥാപകയുമായ മറിയം ത്രേസ്യാ പുണ്യവതിയുടെ ജീവചരിത്രം വായിച്ചത് ഗാനരചനക്ക് പ്രചോദനമായി എന്ന് ഫാ. ജിമ്മി പറഞ്ഞു. റിലീസ് ദിനത്തില്‍ തന്നെ വിശ്വാസികളുടെ മനം കവര്‍ന്ന ഈ ഗാനം യുട്യൂബില്‍ ലഭ്യമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.