ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം: വേര്‍തിരിച്ചെടുത്തത് 989 ഗ്രാം, പൂശിയത് 404.8 ഗ്രാം; മിച്ചമുണ്ടായിരുന്നത് പങ്കിട്ടെടുത്തു

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം: വേര്‍തിരിച്ചെടുത്തത് 989 ഗ്രാം, പൂശിയത് 404.8 ഗ്രാം; മിച്ചമുണ്ടായിരുന്നത് പങ്കിട്ടെടുത്തു

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്രീകോവിലിന്റെ പാളി സ്വര്‍ണം പൂശാന്‍ കൊണ്ടു പോയപ്പോള്‍ സ്വര്‍ണവും ചെമ്പും വേര്‍തിരിച്ചെന്നും സ്വര്‍ണത്തിന്റെ പകുതിയില്‍ താഴെ മാത്രമാണ് പൂശിയതെന്ന് ഇതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

ദ്വാരപാലക ശില്‍പങ്ങളും അനുബന്ധ ഫ്രെയിമുകളും സ്വര്‍ണം പൂശാനായി എത്തിച്ചപ്പോള്‍ രാസ ലായനിയില്‍ മുക്കി ചെമ്പും സ്വര്‍ണവും വേര്‍തിരിച്ചു. 989 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇതില്‍ 404.8 ഗ്രാം സ്വര്‍ണമാണ് പാളികളില്‍ പൂശിയത്.

ഇതിന്റെ നടത്തിപ്പുകാരായ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് 109.243 ഗ്രാം സ്വര്‍ണവും കൈമാറി. പിന്നീട് 474.9 ഗ്രാം സ്വര്‍ണം മിച്ചമുണ്ടായിരുന്നതായും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ബാക്കി സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചു. എന്നാല്‍, അത് ബോര്‍ഡിനെ തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ കവചം മാറ്റിയതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത നടപടിയാണ് ഉത്തരവ്.

എക്‌സിക്യൂട്ടീവ് ഓഫീസറുടെ കത്തില്‍ വാതില്‍ കവചങ്ങളെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്നാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ വസ്തുക്കളെ ചെമ്പുപാളികള്‍ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ബോര്‍ഡ് തീരുമാനത്തിലും പിന്നീട് തയ്യാറാക്കിയ മഹസറിലും ഇവയെ ചെമ്പുപാളികള്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നില്ല. ഈ പൊരുത്തക്കേട് അതീവ ഗൗരവമുള്ളതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഒക്ടോബര്‍ 21 ന് കേസ് വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.