ജെറുസലേം: രണ്ട് വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം കുറിച്ച് ഇസ്രയേലും ഹമാസും തമ്മില്‍ സമാധാന കരാര്‍ സാധ്യമായതില്‍ സന്തോഷം പങ്കുവച്ച് കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം വിഭാഗം.
ഹമാസിന്റെ തടവിലുള്ള എല്ലാ ഇസ്രയേലി ബന്ദികളെയും ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന പാലസ്തീനികളെയും വേഗത്തില്‍ മോചിപ്പിക്കാനും ഗാസയിലേക്ക് മാനുഷിക സഹായം നല്‍കാനും കരാര്‍ സഹായിക്കുമെന്ന് സംഘടന പ്രതീക്ഷ പ്രകടിപ്പിച്ചു. കരാറില്‍ ഏറെ പ്രതീക്ഷയുണ്ടെന്ന് കാരിത്താസ് ജെറുസലേമിന്റെ സെക്രട്ടറി ജനറല്‍ ആന്റണ്‍ അസ്ഫര്‍ പറഞ്ഞു.
ദുരിതമനുഭവിക്കുന്ന എല്ലാവരെയും സഹായിക്കുന്ന ഗാസയിലെ തങ്ങളുടെ എല്ലാ സഹപ്രവര്‍ത്തകരും, രോഗികള്‍, ഇരകള്‍, ഗാസയിലെ പീഡിതര്‍ തുടങ്ങി എല്ലാവരും വാര്‍ത്തയില്‍ സന്തോഷ ഭരിതരാണ്. അടുത്ത ഘട്ടത്തില്‍, വിശുദ്ധ നാട്ടിലെ, പ്രത്യേകിച്ച് ഗാസയിലെ ജനങ്ങള്‍ക്ക് പുതിയ ഒരു ജീവിതമുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്.
സഹായ വിതരണത്തിനായി എല്ലാ മാനുഷിക ഇടനാഴികളും തുറക്കുന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഗാസയിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത അചഞ്ചലമായി തുടരുകയാണെന്നും കാരിത്താസ് വ്യക്തമാക്കി. ഇന്ത്യ അടക്കം ഇരുനൂറോളം രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുള്ള കത്തോലിക്ക സന്നദ്ധ സംഘടനയാണ് കാരിത്താസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.