കാബൂൾ: പാക് - അഫ്ഗാന്‍ അതിര്‍ത്തി സംഘര്‍ഷം മുറുകുന്നു. ഖൈബര്‍ പക്തൂണ്‍ഖ്വ - ബലൂച് അതിര്‍ത്തിയില്‍ ആറിടങ്ങളിലായി കഴിഞ്ഞ ദിവസം രാത്രി പാക് - അഫ്ഗാന്‍ സേനകള്‍ ഏറ്റുമുട്ടി. മൂന്ന് പാകിസ്ഥാന്‍ അതിര്‍ത്തി പോസ്റ്റുകള്‍ പിടിച്ചെടുത്തതായി താലിബാനും നിരവധി അഫ്ഗാന്‍ പോസ്റ്റുകള്‍ തകര്‍ത്ത് തിരിച്ചടിച്ചെന്ന് പാക് സേനയും അവകാശപ്പെട്ടു. കാബൂളില്‍ പാക് താലിബാന്‍ ഗ്രൂപ്പായ തെഹ്‌രീക് -ഇ - താലിബാന്‍ നേതാവിനെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഏറ്റുമുട്ടല്‍.
വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്ത് രണ്ട് സ്‌ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിനു പിന്നില്‍ പാകിസ്ഥാനാണെന്നാണ് താലിബാന്റെ ആരോപണം. പാക് ആക്രമണത്തിനു മറുപടിയായി അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ പാക് സുരക്ഷാ സേനയ്ക്കു നേരെ താലിബാന്‍ സേന കനത്ത തിരിച്ചടി നല്‍കിയതായി അഫ്ഗാന്‍ സൈന്യം പ്ര്‌സതാവനയില്‍ അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ തിരിച്ചടി വിജയമായിരുന്നുവെന്നും പാകിസ്ഥാനെതിരെ നടത്തിയ ഓപ്പറേഷന്‍ അര്‍ധരാത്രിയോടെ അവസാനിപ്പിച്ചുവെന്നും താലിബാന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ഇനായത് ഖോവറാസും അറിയിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇനിയും പ്രകോപനം നടത്തിയാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പും താലിബാന്‍ പാകിസ്ഥാന് നല്‍കിയിട്ടുണ്ട്.
അതേസമയം കാബൂളിലുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് പാകിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാനിസ്ഥാനില്‍ പാക് താലിബാന് (തെഹ്‌രീക് ഇ താലിബാന്‍ - ടിടിപി) അഭയം നല്‍കരുതെന്നാണ് പാകിസ്ഥാന്റെ ആവശ്യം. അഫ്ഗാനിസ്ഥാനില്‍ യുദ്ധ പരിശീലനം നേടിയതും അഫ്ഗാന്‍ താലിബാന്റെ അതേ പ്രത്യയശാസ്ത്രം പങ്കിടുന്നതുമായ സംഘടനയാണ് ടിടിപി. 2021 മുതല്‍ ടിടിപിയുടെ ആക്രമണത്തില്‍ നിരവധി പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.