ന്യൂഡല്‍ഹി: ഐആര്‍സിടിസി അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവിനെതിരെ അഴിമതിക്കുറ്റം ചുമത്തി ഡല്‍ഹി കോടതി. മകനും ബിഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്, ലാലുവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി എന്നിവര്‍ക്കെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്.
ലാലു പ്രസാദ് യാദവിനെതിരെ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നി കുറ്റങ്ങളാണ് ഡല്‍ഹി കോടതി ചുമത്തിയത്. ഗൂഢാലോചന, വഞ്ചന എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് തേജസ്വിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഉടന്‍ വിചാരണ ആരംഭിക്കുമെന്നും കോടതി അറിയിച്ചു. ബിഹാര്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഡല്‍ഹി കോടതി ഉത്തരവ്. ബിഹാറില്‍ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് തേജസ്വി.
ഐആര്‍സിടിസിയുടെ രണ്ട് ഹോട്ടലുകളുടെ പ്രവര്‍ത്തന കരാറുകള്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നത്. 2004 നും 2014 നും ഇടയിലാണ് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത്. പുരിയിലെയും റാഞ്ചിയിലെയും ഇന്ത്യന്‍ റെയില്‍വേയുടെ ബിഎന്‍ആര്‍ ഹോട്ടല്‍ ആദ്യം ഐആര്‍സിടിസിക്ക് കൈമാറുകയും പിന്നീട് പ്രവര്‍ത്തനം, അറ്റകുറ്റപ്പണികള്‍, പരിപാലനം എന്നിവയ്ക്കായി ബിഹാറിലെ പട്‌ന ആസ്ഥാനമായുള്ള സുജാത ഹോട്ടല്‍സിന് പാട്ടത്തിന് നല്‍കുകയും ചെയ്തിരുന്നു.
ഈ കേസിലാണ് ലാലുവും കുടുംബവും അഴിമതി നടത്തിയതെന്ന് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്. ടെന്‍ഡര്‍ നടപടികളില്‍ കൃത്രിമം കാണിച്ചതായും സുജാത ഹോട്ടലുകളെ സഹായിക്കുന്നതിനായി വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിയതായും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.