'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് എന്റെ ഇടപെടലില്‍'; ഇസ്രയേല്‍ പാര്‍ലമെന്റിലും അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് എന്റെ ഇടപെടലില്‍';  ഇസ്രയേല്‍ പാര്‍ലമെന്റിലും അവകാശവാദം ആവര്‍ത്തിച്ച് ട്രംപ്

ടെല്‍ അവീവ്: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതിന് പിന്നില്‍ തന്റെ ഇടപെടലാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് ആവര്‍ത്തിച്ചത്.

ഇസ്രയേലും പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസും തമ്മില്‍ രണ്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ച ഗാസ സമാധാന കരാറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇന്ത്യ-പാക് വിഷയത്തെപ്പറ്റി വീണ്ടും പ്രതികരിച്ചത്.

ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലങ്ങള്‍ പണിയുമെന്ന് പറഞ്ഞ ട്രംപ്, ടെല്‍ അവീവിനെ ദുബായിലേക്കും ഹൈഫയെ ബെയ്റൂട്ടിലേക്കും ഇസ്രയേലിനെ ഈജിപ്തിലേക്കും സൗദി അറേബ്യയെ ഖത്തറിലേക്കും ഇന്ത്യയെ പാകിസ്ഥാനിലേക്കും തുര്‍ക്കിയെ ജോര്‍ദാനിലേക്കും യുഎഇയെ ഒമാനിലേക്കും അര്‍മേനിയയെ അസര്‍ബൈജാനിലേക്കും ബന്ധിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ 22 ന് 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് ഏഴിന് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘര്‍ഷം ഉടലെടുത്തത്. പിന്നീട് മെയ് പത്തിന് ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി.

ട്രംപ് ഇക്കാര്യം പ്രഖ്യാപിക്കുകയും താന്‍ മധ്യസ്ഥത വഹിച്ചതായി അവകാശപ്പെടുകയും ചെയ്തു. അമേരിക്കയുടെ നേതൃത്വത്തില്‍ രാത്രി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും സമ്പൂര്‍ണ വെടിനിര്‍ത്തലിന് സമ്മതിച്ചതായി മെയ് പത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രംപ് പോസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.