സ്റ്റോക്‌ഹോം: 2025 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ജോയല്‍ മോകിര്‍, ഫിലിപ്പ് അഘിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ക്ക് ലഭിച്ചു. കണ്ടുപിടിത്തങ്ങളാല്‍ നയിക്കപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിശദീകരിക്കുന്ന ഗവേഷണങ്ങള്‍ക്കാണ് മൂവരും പുരസ്‌കാരത്തിന് അര്‍ഹരായത്.
ഏകദേശം 12 ലക്ഷം ഡോളറാണ് ഇവര്‍ക്ക് പുരസ്‌കാര തുകയായി ലഭിക്കുന്നത്. ഇതില്‍ പകുതി നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോയല്‍ മോകിറിന് ലഭിക്കും. ബാക്കി പകുതി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഫിലിപ്പ് അഘിയണ്‍, ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കും.
കണ്ടുപിടുത്തങ്ങളും സാങ്കേതിക പുരോഗതിയും സാമ്പത്തിക വളര്‍ച്ചയെ എങ്ങനെ നയിക്കുന്നു എന്ന് വിശദീകരിക്കുന്ന പഠനം സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും കാലക്രമേണ അഭിവൃദ്ധിപ്പെടുത്താന്‍ സഹായിക്കുന്ന ചരിത്രപരവും സൈദ്ധാന്തികവും ഗണിത ശാസ്ത്രപരവുമായ കാരണങ്ങളെ ഇവരുടെ പഠനം ബന്ധിപ്പിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുകയും ദാരിദ്ര്യത്തെ കുറച്ചുകൊണ്ട് വരികയും ചെയ്യുന്നത് എങ്ങനെയെന്ന് പഠനം വിശദീകരിക്കുന്നു.
മുതലാളിത്ത വ്യവസ്ഥിതിയിലെ പിരിമുറുക്കത്തെയാണ് ഗവേഷണം പ്രധാനമായും അടിവരയിടുന്നത്. കുത്തകകള്‍ പുതിയ ആശയങ്ങളെ അടിച്ചമര്‍ത്തുന്നില്ലെന്നും സമൂഹങ്ങള്‍ സാങ്കേതിക മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് ദീര്‍ഘകാല വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.