കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് തര്‍ക്കം പരിഹരിച്ചു. സ്‌കൂളിലെ ചട്ടമനുസരിച്ച് ശിരോവസ്ത്രം ഒഴിവാക്കി എത്താമെന്ന് വിദ്യാര്‍ഥിനിയുടെ പിതാവ് സമ്മതിച്ച സാഹചര്യത്തിലാണ് തര്‍ക്കത്തിന് പരിഹാരമായത്.
ഒക്ടോബര്‍ ഏഴിന് സ്‌കൂളിലെ ഒരു വിദ്യാര്‍ഥി യൂണിഫോമില്‍ അനുവദിക്കാത്ത രീതിയില്‍ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തര്‍ക്കത്തിനു കാരണമായത്. ശിരോവസ്ത്രം അനുവദിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ശിരോവസ്ത്രം ധരിച്ചാണ് കുട്ടി സ്‌കൂളില്‍ എത്തിയത്.
മാത്രമല്ല കുട്ടിയുടെ പിതാവ് മറ്റാളുകളെയും കൂട്ടിയെത്തി സ്‌കൂളില്‍ ബഹളമുണ്ടാക്കിയെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന പറഞ്ഞു. തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിരിക്കുകയായിരുന്നു. മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നിന്നും പോലീസ് സംരക്ഷണത്തിനുള്ള അനുമതിയും വാങ്ങിയിരുന്നു.
പിന്നീട് ജനപ്രതിനിധികള്‍ സ്‌കൂള്‍ അധികൃതരുമായും വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താക്കളുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. മാനേജ്‌മെന്റിന്റെ തീരുമാനം അംഗീകരിക്കുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു.
യൂണിഫോമിന്റെ പേരില്‍ ചിലര്‍ വര്‍ഗീയ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ചര്‍ച്ചയ്‌ക്കെത്തിയ ഹൈബി ഈഡന്‍ എം.പി പറഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.ബാബു എംഎല്‍എ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സംഭവത്തില്‍ സര്‍ക്കാരും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എഇഒ സ്‌കൂളിലെത്തി അധികൃതരുടെയും കുട്ടിയുടെ രക്ഷാകര്‍ത്താവിന്റെയും മൊഴിയെടുത്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.