ഗാസ: ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് വൈകിപ്പിച്ചത് ഗാസയിലെ സമാധാന കരാറില്‍ കല്ലുകടിയായി. ഇതേ തുടര്‍ന്ന് ഗാസയിലേക്കുള്ള അന്താരാഷ്ട്ര സഹായം നിയന്ത്രിക്കാനും ഈജിപ്തിലേക്കുള്ള തെക്കന്‍ അതിര്‍ത്തി തുറക്കുന്നത് വൈകിപ്പിക്കാനും തീരുമാനിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു.
ഗാസയിലേക്കുള്ള സഹായങ്ങള്‍ക്ക് ഇസ്രയേല്‍ നിയന്ത്രണമേര്‍പ്പെടുത്തുകയും റഫാ അതിര്‍ത്തി അടയ്ക്കുകയും ചെയ്‌തോടെ നാല് മൃതദേഹങ്ങള്‍ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി.
മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി അവ ടെല്‍ അവീവിലെ അബു കബീര്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. നടപടിക്രമങ്ങള്‍ക്ക് രണ്ട് ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം.
മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തടഞ്ഞു വെച്ചതിലൂടെ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഇസ്രായേല്‍ ആരോപിച്ചതിന് ശേഷമാണ് ഈ കൈമാറ്റം നടന്നത്. തിങ്കളാഴ്ച ജീവനോടെയുള്ള 20 ബന്ദികളെയും മരിച്ച നാല് പേരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടയച്ചിരുന്നു. എന്നാല്‍ ബാക്കിയുള്ള ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടയക്കുന്നതിലാണ് കാലതാമസം ഉണ്ടായത്.
ചൊവ്വാഴ്ച രാത്രിയോടെ നാല് മൃതദേഹങ്ങള്‍ കൂടി ഇസ്രയേലിലെത്തി. ഇവ ബന്ദികളുടേതാണെന്ന് സ്ഥിരീകരിച്ചാല്‍ ഇനിയും 20 ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസിന്റെ കൈവശം അവശേഷിക്കുന്നുവെന്ന് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട ബന്ദിയുടേത് എന്ന് പറഞ്ഞ് ഹമാസ് ഇസ്രായേലിന് ഒരു മൃതദേഹം ഈ വര്‍ഷം ആദ്യം നല്‍കിയിരുന്നു.
അതേസമയം കൊല്ലപ്പെട്ട നാല് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ബുധനാഴ്ച ഇസ്രയേലിന് കൈമാറുമെന്ന് ഹമാസ് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ട്. നടപടികള്‍ വേഗത്തിലാക്കിയാല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.