'റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോഡി ഉറപ്പ് നല്‍കി': അവകാശ വാദവുമായി ട്രംപ്, പ്രതികരിക്കാതെ ഇന്ത്യ

'റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോഡി ഉറപ്പ് നല്‍കി': അവകാശ വാദവുമായി ട്രംപ്, പ്രതികരിക്കാതെ ഇന്ത്യ

വാഷിങ്ടണ്‍: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നല്‍കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മോസ്‌കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും അദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് അവകാശ വാദം ഉന്നയിച്ചത്.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ തനിക്ക് നീരസം ഉണ്ടായിരുന്നു. റഷ്യയില്‍ നിന്ന് അവര്‍ എണ്ണ വാങ്ങില്ലെന്ന് മോഡി തനിക്ക് ഉറപ്പ് നല്‍കി. അതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെക്കൊണ്ടും ഇത് തന്നെ ചെയ്യിക്കുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ കഴിയില്ലെന്നും എന്നാല്‍ അത് നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എന്നും യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും അദേഹം പറഞ്ഞു.

അതേസമയം ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി മോഡി ട്രംപിന് ഇത്തരമൊരു ഉറപ്പ് നല്‍കിയിരുന്നോ എന്നതിനെക്കുറിച്ചുള്ള ഇമെയില്‍ ചോദ്യങ്ങളോട് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ റഷ്യന്‍ എണ്ണ മറ്റ് രാജ്യങ്ങള്‍ വാങ്ങുന്നത് തടയാന്‍ യു.എസ് ഇടപെട്ടിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങുന്നത് യു.എസ് നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതില്‍ നിന്ന് തടയാന്‍ ഇന്ത്യയ്ക്കെതിരെ യു.എസ് അധിക തീരുവയും ചുമത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.