ചൈനയിൽ ക്രിസ്ത്യാനികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു: പാസ്റ്റർ ജിൻ മിംഗ്രിയും 30 പേരും ഇപ്പോഴും കസ്റ്റഡിയിൽ; അന്താരാഷ്ട്ര തലത്തിൽ സജീവ ചർച്ച

ചൈനയിൽ ക്രിസ്ത്യാനികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു: പാസ്റ്റർ ജിൻ മിംഗ്രിയും 30 പേരും ഇപ്പോഴും കസ്റ്റഡിയിൽ; അന്താരാഷ്ട്ര തലത്തിൽ സജീവ ചർച്ച

ബീജിങ് : ചൈനയിലെ പ്രമുഖമായ ഭൂ​ഗർഭ ക്രിസ്ത്യൻ സഭയായ സയോൺ ചർച്ചിനോട് ബന്ധമുള്ള പാസ്റ്റർ ജിൻ മിംഗ്രി ഉൾപ്പെടെ 30 പേരെ ചൈനീസ് അധികാരികൾ കഴിഞ്ഞ വാരാന്ത്യത്തിൽ അറസ്റ്റ് ചെയ്ത സംഭവം അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചകൾക്ക് വഴിതെളിയുന്നു. കഴിഞ്ഞ പല പതിറ്റാണ്ടുകളിലായി ചൈനയിൽ നടന്നതിൽ ഏറ്റവും വലിയ ക്രിസ്ത്യൻ അറസ്റ്റ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ജിൻ മിംഗ്രിയെ തെക്കൻ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ബെയ്‌ഹായ് നഗരത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. വിവര ശൃംഖലകളുടെ അനധികൃത ഉപയോഗം എന്ന കുറ്റം ചുമത്തി ബെയ്‌ഹായ് രണ്ടാം ജയിലിൽ തടങ്കലിൽവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ബീജിങ്, ഷാങ്ഹായ് ഉൾപ്പെടെ പത്ത് നഗരങ്ങളിലായി പൊലീസ് നടത്തിയ ഏകോപിതമായ റെയ്ഡിലൂടെയാണ് സയോൺ സഭയുമായി ബന്ധപ്പെട്ട നിരവധി പാസ്റ്റർമാരെയും അംഗങ്ങളെയും അറസ്റ്റ് ചെയ്തത്. ചിലരെ പിന്നീട് വിട്ടയച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇപ്പോഴും തടവിലാണ്.

“അച്ഛൻ മറ്റൊരു പാസ്റ്ററുടെ അറസ്റ്റ് സംബന്ധിച്ച് പ്രാർത്ഥിക്കണമെന്ന് സന്ദേശം അയച്ചതിന് പിന്നാലെ ഞങ്ങൾക്ക് അമ്മയുമായി ബന്ധപ്പെടാനായില്ല. ഉടൻതന്നെ അച്ഛനെയും പിടിച്ചെന്നറിയിച്ചു.”അമേരിക്കയിൽ താമസിക്കുന്ന പാസ്റ്ററുടെ മകൾ ഗ്രേസ് ജിൻ ഡ്രെക്സൽ പറഞ്ഞു,

ജിൻ മിംഗ്രി 1969ൽ ചൈനയുടെ വടക്കുകിഴക്കൻ ഹെയ്‌ലോംഗ്‌ജിയാങ് പ്രവിശ്യയിൽ ജനിച്ചു. 1989 ലെ ടിയാൻമൻ പ്രക്ഷോഭം അദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. അതിനുശേഷം അദേഹം ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് തിരിഞ്ഞു.

2007 ൽ ബീജിങിൽ ആരംഭിച്ച സയോൺ ചർച്ച് ആദ്യം 20 പേരുടെ ചെറിയ ഭവന സഭയായിരുന്നു. പിന്നീട് അത് വേഗത്തിൽ വളർന്നു. നാൽപ്പതോളം നഗരങ്ങളിലായി 10,000 ത്തിലധികം വിശ്വാസികളുള്ള വലിയ ശൃംഖലയായി മാറി.

2018 ൽ ചൈനീസ് അധികാരികൾ സഭയിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സഭ നിരസിച്ചു. തുടർന്ന് അധികാരികൾ സഭ അടച്ചു. പാസ്റ്റർ ജിനിന് രാജ്യതലത്തിൽ നിന്ന് പുറപ്പെടാനുള്ള നിരോധനവും ഏർപ്പെടുത്തി. കുടുംബവും ചില സഭാംഗങ്ങളും അമേരിക്കയിലേക്ക് പോയി.

ചൈനയിലെ ഭരണഘടന മതസ്വാതന്ത്ര്യത്തിന് പരിമിതമായ ഉറപ്പു നൽകുന്നുണ്ടെങ്കിലും സർക്കാർ അംഗീകരിച്ച കാത്തലിക് പാട്രിയോട്ടിക് അസോസിയേഷൻയും ത്രി-സെൽഫ് മൂവ്‌മെന്റും മാത്രമേ നിയമപരമായ സഭകളായി അംഗീകരിക്കപ്പെടുന്നുള്ളു.

അധികാരികളുടെ വിലയിരുത്തലനുസരിച്ച് ചൈനയിൽ ഏകദേശം 38 ലക്ഷം പ്രൊട്ടസ്റ്റന്റുകളും ആറ് ലക്ഷം കത്തോലിക്കരും ഉണ്ട്. പക്ഷേ അവയിൽ ഉൾപ്പെടാത്ത അണ്ടർഗ്രൗണ്ട് സഭകൾ വഴി ആരാധിക്കുന്ന പതിനായിരങ്ങൾക്കണക്കിന് വിശ്വാസികൾ ഇപ്പോഴും നിലനിൽക്കുന്നു.

2018 ൽ നടപ്പാക്കിയ കർശനമായ മതനിയമങ്ങൾ, ഓൺലൈൻ പ്രസംഗങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധമാക്കുന്ന പുതിയ നിയമങ്ങൾ തുടങ്ങിയവയിലൂടെ അധികാരികൾ നിയന്ത്രണം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

അമേരിക്ക ഉൾപ്പെടെ പാശ്ചാത്യ രാജ്യങ്ങൾ ഈ അറസ്റ്റിനെ ശക്തമായി വിമർശിച്ചു. “ചൈനീസ് പൗരന്മാർക്ക് മതവിശ്വാസ സ്വാതന്ത്ര്യമുണ്ട്. എന്നാൽ എല്ലാ മതപ്രവർത്തനങ്ങളും നിയമാനുസൃതമായിരിക്കണം.” ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു:

“ദേശീയ തലത്തിൽ നടക്കുന്ന ഏകോപിതമായ ഏറ്റവും വലിയ ക്രിസ്ത്യൻ അറസ്റ്റ് ആണിത്. ഇതോടെ കൂടുതൽ സഭകൾക്കും ഭീഷണി നേരിടേണ്ടി വരും.”-ക്രിസ്ത്യൻ അഭിഭാഷക സംഘടനയായ ലൂക്ക് അലയൻസ് സ്ഥാപകൻ കൊറി ജാക്സൺ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.