ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ബുധനാഴ്ച ടെലിഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പ്രധാനമന്ത്രിയും ട്രംപും തമ്മില്‍ സംഭാഷണമോ ടെലിഫോണ്‍ കോളോ നടന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോഡി തനിക്ക് ഉറപ്പ് നല്‍കിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. മോഡി തന്റെ സുഹൃത്താണ്. തങ്ങള്‍ക്ക് ഒരു മികച്ച ബന്ധമുണ്ട്. ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തുഷ്ടനല്ല. റഷ്യയില്‍ നിന്ന് അവര്‍ എണ്ണ വാങ്ങില്ലെന്ന് അദേഹം തനിക്ക് ഉറപ്പ് നല്‍കിയെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അമേരിക്കയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ്. അസ്ഥിരമായ ഊര്‍ജ്ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപയോക്താവിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക.
ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്ഥിരമായ ഊര്‍ജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഊര്‍ജ്ജ നയത്തിന്റെ ലക്ഷ്യങ്ങള്‍. ഇതില്‍ ഊര്‍ജ്ജ സ്രോതസുകള്‍ വിശാലമാക്കുന്നതും വിപണി സാഹചര്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയില്‍ വൈവിധ്യവല്‍ക്കരിക്കുന്നതും ഉള്‍പ്പെടുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയിലെ നിലവിലെ ഭരണകൂടം ഇന്ത്യയുമായുള്ള ഊര്‍ജ്ജ സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുകയാണെന്നും അദേഹം പറഞ്ഞു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി മോഡി തനിക്ക് ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടതിന് പിന്നാലെയാണ് മറുപടിയുമായി ഇന്ത്യ രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.