അഹമ്മദാബാദ് വിമാനാപകടം: ക്യാപ്റ്റന്‍ സുമീതിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം

അഹമ്മദാബാദ് വിമാനാപകടം: ക്യാപ്റ്റന്‍ സുമീതിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു, കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. അപകടത്തില്‍ സുപ്രീം കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബര്‍വാള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ദുരന്തത്തിന് കാരണക്കാരന്‍ സുമീത് സബര്‍വാളാണെന്ന ആക്ഷേപം ശക്തമായിരുന്നു. സുമിത് സബര്‍വാള്‍ ആത്മഹത്യ ചെയ്തതാണെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചുവെന്നുമുള്ള തരത്തില്‍ വിദേശ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സുപ്രീം കോടതി ഒരു സമിതിയെ രൂപീകരിച്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കണമെന്നാണ് ആവശ്യം. ഹര്‍ജി ദീപാവലി അവധിക്ക് ശേഷം കോടതി പരിഗണിക്കും. നിലവില്‍ പുരോഗമിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്‌സിസഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അന്വേഷിക്കണമെന്നും പുഷ്‌കരാജ് സബര്‍വാള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സുമിത് സബര്‍വാള്‍ ആത്മഹത്യ ചെയ്തതാണെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചുതെന്നുമുള്ള വിദേശ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളും കേന്ദ്രത്തിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന് നല്‍കിയ കത്തില്‍ പുഷ്‌കരാജ് സബര്‍വാള്‍ വ്യക്തമാക്കിയിരുന്നു.

വിമാന ദുരന്തം

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാര്‍ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിന്‍ഭാഗത്തെ ചില യന്ത്രഭാഗങ്ങള്‍ കത്തിയത് വൈദ്യുതി തകരാര്‍ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഇടിച്ച് നിന്ന പിന്‍ഭാഗത്തെ ചില യന്ത്ര ഭാഗങ്ങളില്‍ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്.

പിന്‍ഭാഗത്തെ ബ്ലാക്ക് ബോക്‌സ് പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. എന്നാല്‍ പിന്നില്‍ നിന്ന് കണ്ടെടുത്ത എയര്‍ഹോസ്റ്റസിന്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. ഇത് വേഗത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിന്റെ ട്രാന്‍സ് ഡ്യൂസറില്‍ അറ്റകുറ്റപണികള്‍ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ് ഡ്യൂസറിലെ തകരാര്‍ വിമാനത്തിലെ മുഴുവന്‍ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്.

ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഈ പ്രശ്‌നം പരിഹരിച്ചത്. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനിയര്‍ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്‌നിക്കല്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക്ക് ഓഫിനിടെ തകര്‍ന്നത്. പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എഞ്ചിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശ വാസികളും വിമാനം വീണ് തകര്‍ന്ന മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും അപകടത്തില്‍ മരിച്ചത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.