ഗുജറാത്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചു: ഹര്‍ഷ് സംഘ്വി ഉപമുഖ്യമന്ത്രി; രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ അടക്കം 19 പുതുമുഖങ്ങള്‍

ഗുജറാത്ത് മന്ത്രിസഭ പുനസംഘടിപ്പിച്ചു: ഹര്‍ഷ് സംഘ്വി ഉപമുഖ്യമന്ത്രി; രവീന്ദ്ര ജഡേജയുടെ ഭാര്യ  റിവാബ അടക്കം 19 പുതുമുഖങ്ങള്‍

ഹര്‍ഷ് സംഘ്വി, റിവാബ ജഡേജ എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നു.

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി മന്ത്രസഭ പുനസംഘടിപ്പിച്ചു. മജുറ എംഎല്‍എ ഹര്‍ഷ് സംഘ്വിക്ക് ഉപമുഖ്യമന്ത്ര പദം ലഭിച്ചു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ മന്ത്രി സ്ഥാനത്തെത്തി. ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പത്തൊമ്പത് പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്. പുതിയ അംഗങ്ങളെയടക്കം ഉള്‍പ്പെടുത്തി വിപുലീകരിച്ചതോടെ ഗുജറാത്ത് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം മുഖ്യമന്ത്രി ഉള്‍പ്പെടെ 26 പേരായി. നേരത്തേ 21 പേരായിരുന്നു മന്ത്രിസഭയില്‍.

ഇന്നലെയാണ് ഗുജറാത്തിലെ ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാരും രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു രാജി. തുടര്‍ന്നാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് പുതിയ അംഗങ്ങളുടെ പട്ടിക കൈമാറിയത്.

ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഹര്‍ഷ് സംഘ്വി മുന്‍ ആഭ്യന്തര സഹമന്ത്രിയാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന ഋഷികേശ് പട്ടേല്‍, പ്രഫുല്‍ പന്‍ഷേരിയ, കുന്‍വാര്‍ജി ഭവാലിയ, കനുഭായി ദേശായി, പര്‍ഷോത്തം സോളാങ്കി എന്നിവരെ പുതിയ മന്ത്രിസഭയിലും നിലനിര്‍ത്തി. ഇവരുടെ വകുപ്പുകളിലും മാറ്റമില്ല.

ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ജാംനഗര്‍ നോര്‍ത്ത് എംഎല്‍എയുമായ റിവാബ ജഡേജ, നരേഷ് പട്ടേല്‍, ദര്‍ശന വഗേല, പ്രത്യുമാന്‍ വാജ, കാന്തിലാല്‍ അമൃതിയ, മനിഷ വാകില്‍, അര്‍ജുന്‍ മോന്ദ്വാഡിയ, ജിതു വാഘാനി, സ്വരൂപ് ജി ഠാക്കൂര്‍, ത്രികാം ഛാംഗ, ജയറാം ഗാമിത്, പി.സി. ബരാന്ദ, രമേശ് കത്താറ, ഈശ്വര്‍സിന്‍ഹ് പട്ടേല്‍, പ്രവീണ്‍ മാലി, രാമന്‍ഭായ് സോളാങ്കി, കമലേഷ് പട്ടേല്‍, സഞ്ജയ് സിങ് മാഹിദ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയില്‍ അനുവദനീയമായ മന്ത്രിമാരുടെ പരാമവധി എണ്ണം 27 ആണ്. പുതിയ മന്ത്രിസഭയില്‍ ഒബിസി വിഭാഗത്തില്‍ നിന്ന് എട്ടുപേരും പാട്ടിദാര്‍ വിഭാഗത്തില്‍ നിന്ന് ആറ് പേരും എസ്.ടി വിഭാഗത്തില്‍ നിന്ന് നാല്‌പേരും എസ്.സി വിഭാഗത്തില്‍ നിന്ന് മൂന്ന് പേരും ക്ഷത്രിയ വിഭാഗത്തില്‍നിന്ന് രണ്ട് പേരും ബ്രാഹ്‌മണ, ജൈന വിഭാഗങ്ങളില്‍ നിന്ന് ഓരോരുത്തരുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.