ലിസ്‌ബൺ: പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്‌ത്രങ്ങൾ ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി പോർച്ചുഗൽ. മുഖം മറയ്ക്കുന്നതോ, മുഖം പ്രദർശിപ്പിക്കുന്നതിന് തടസമായതോ ആയ വസ്ത്രങ്ങൾ പൊതു ഇടങ്ങളിൽ ഉപയോഗിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ബുർഖ, നിഖാബ് പോലുള്ള വസ്ത്രങ്ങൾക്കാണ് നിരോധനം.
ലിംഗപരമോ മതപരമോ ആയ കാരണങ്ങളാൽ പൊതുസ്ഥലത്ത് മുഖം മൂടുന്ന വസ്‌ത്രങ്ങൾ ധരിക്കുന്നതിനാണ് പോർച്ചുഗലിൻ്റെ വിലക്ക്. കഴിഞ്ഞ ദിവസമാണ് പോർച്ചുഗൽ പാർലമെൻ്റ് ബില്ല് പാസാക്കിയത്. പോർച്ചുഗലിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ചെഗയാണ് ബില്ല് അവതരിപ്പിച്ചത്.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (പിഎസ്‌ഡി), ലിബറൽ ഇനിഷ്യേറ്റീവ്, സിഡിഎസ്-പിപി എന്നീ പാർട്ടികളിൽ നിന്നും ബില്ലിന് പിന്തുണ ലഭിച്ചു. സോഷ്യലിസ്റ്റ് പാർട്ടി(പിഎസ്), ലിവ്രെ, പിസിപി, ബ്ലോക്കോ ഡി എസ്‌ക്വെർഡ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളും നിയമസഭാംഗങ്ങളും ഈ ബില്ലിനെതിരെ രംഗത്ത് എത്തിയിരുന്നു.
എന്നാൽ വിമാനങ്ങൾ, ആരാധനാലയങ്ങൾ, നയതന്ത്ര കാര്യാലയങ്ങൾ എന്നിവിടങ്ങളിൽ മുഖം മറയ്ക്കുന്ന വസ്‌ത്രങ്ങൾ അനുവദിക്കുമെന്നും ബില്ലിൽ പറയുന്നു. ആരോഗ്യപരമായ കാരണങ്ങൾ, പ്രൊഫഷണൽ, കലാകായികപരമായ കാരണങ്ങൾ എന്നിവയിൽ നിരോധനം ബാധകമല്ല. സുരക്ഷ, കാലാവസ്ഥ, എന്നീ സാഹചര്യങ്ങൾ കാരണം മുഖം മറയ്ക്കുന്നതിനും നിരോധനം ബാധകമല്ല. പൊതു റോഡുകൾ, പൊതുജനങ്ങൾക്കായുള്ള എല്ലാ സ്ഥലങ്ങളും പൊതു സേവനങ്ങൾ ലഭ്യമാകുന്നയിടങ്ങൾ എന്നിവിടങ്ങളിൽ നിരോധനം ബാധകമാണ്.
പോർച്ചുഗൽ പ്രസിഡൻ്റ് മാർസെലോ റെബലോ ഡി സൂസയും പാർലമെൻ്ററി കമ്മിറ്റിയും ബില്ല് വിലയുത്തി അംഗീകാരം നൽകേണ്ടതുണ്ട്. ബില്ലിന് അംഗീകാരം ലഭിക്കാനോ തള്ളിക്കളയാനോ ഉള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. വിലയിരുത്തുകൾക്കും ചർച്ചകൾക്കും ശേഷം മാത്രമേ ബില്ല് പ്രാവർത്തികമാക്കുകയുള്ളൂ.
നിരോധനം ലംഘിക്കുന്നവർക്ക് 200 യൂറോ മുതൽ 4,000 യൂറോ വരെ പിഴയീടാക്കും. ബുർഖ ധരിക്കാൻ നിർബന്ധിച്ചാൽ മൂന്ന് വർഷം വരെ തടവും ലഭിക്കും. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ, നെതർലൻ്ഡ്‌സ്, ഡെൻമാർക്ക്, ലക്‌സംബെർഗ്, സ്വിറ്റ്സർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങളിൽ ബുർഖയ്ക്കും നിഖാബിനും പൂർണമായോ ഭാഗികമായോ നിലവിൽ വിലക്കുണ്ട്. ഇറ്റലിയിലും സ്വീഡനിലും പൊതു സ്ഥലത്ത് ബുർഖയും നിഖാബും ധരിക്കുന്നതിനെതിരെ ബില്ലുകൾ അവതരിപ്പിക്കാൻ നീക്കം ആരംഭിച്ചതായി വിവിധ മാധ്യമങ്ങൾ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.