വത്തിക്കാൻ സിറ്റി: ക്രിസ്ത്യൻ സഭാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിയേക്കാവുന്ന ഒരു സംഭവത്തിന് സിസ്റ്റൈൻ ചാപ്പൽ വേദിയാകുന്നു. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും കത്തോലിക്ക സഭയുടെ തലവനായ മാർപാപ്പയും ഒരുമിച്ച് പ്രാർത്ഥനയിൽ പങ്കെടുക്കുകയാണ്. ഒക്ടോബർ 23 ന് ലിയോ പാപ്പായുടെ നേതൃത്വത്തിൽ നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ ചാൾസ് രാജാവ് മൂന്നാമനും രാജ്ഞി കാമിലയും പങ്കെടുക്കും.
സൃഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതിൽ കേന്ദ്രീകരിക്കുന്ന ഈ എക്യുമെനിക്കൽ പ്രാർത്ഥനയിൽ സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം, ഇംഗ്ലണ്ടിലെ സെന്റ് ജോർജ് ചാപ്പലിലെ ഗായകസംഘം, ഹിസ് മജസ്റ്റിയുടെ ചാപ്പൽ റോയൽ എന്നിവയും സംയുക്തമായി ഗാനങ്ങൾ ആലപിക്കും. യോർക്കിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് സ്റ്റീഫൻ കോട്ട്രെൽ ഉൾപ്പെടെ പ്രമുഖ മതനേതാക്കളും ചടങ്ങിൽ സന്നിഹിതരാകും.
വത്തിക്കാനിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജാവ് മാർപാപ്പയ്ക്കൊപ്പം അപ്പസ്തോലിക് കൊട്ടാരത്തിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇരുവരും ‘സൃഷ്ടിയുടെ സംരക്ഷണവും പരിസ്ഥിതി സുസ്ഥിരതയും’ എന്ന വിഷയത്തിൽ പ്രത്യേക സംവാദത്തിൽ പങ്കെടുക്കും.
തുടർന്ന് സെന്റ് പോൾസ് ബസിലിക്കയിൽ നടക്കുന്ന മറ്റൊരു എക്യുമെനിക്കൽ ശുശ്രൂഷയിൽ ചാൾസ് രാജാവിന് “റോയൽ കോൺഫ്രേറ്റർ” എന്ന ബഹുമതി സമ്മാനിക്കും. ബസിലിക്കയിലെ ആർച്ച്‌പ്രിസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി മാർപാപ്പയുടെ അനുമതിയോടെ ഈ ബഹുമതി നൽകും. റോമിലെ അപ്പസ്തോലന്മാരുടെ മൃതകുടീരം സംരക്ഷിക്കുന്നതിൽ ഇംഗ്ലീഷ് രാജകുടുംബം നൽകിയ ചരിത്രപരമായ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി. രാജാവിനായി പ്രത്യേകമായി നിർമിച്ച കസേരയും ബസിലിക്കയിൽ സ്ഥാപിക്കും.
നവംബർ ഒന്നിന് അവസാനിക്കുന്ന ശുശ്രൂഷകൾ വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനത്തോടെയായിരിക്കും സമാപിക്കുക. ആംഗ്ലിക്കൻ മതത്തിൽ നിന്നു കത്തോലിക്ക വിശ്വാസത്തിലേക്ക് മാറിയ ന്യൂമാനെ 2019-ൽ വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങിൽ ചാൾസ് രാജാവ് പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.