പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പ്രക്രിയയുടെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം രംഗത്തെത്തി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ മഹാ സഖ്യത്തെ മറികടന്ന് എന്‍ഡിഎ മുന്നണി ബഹുദൂരം മുന്നിലെത്തിയെന്ന് അദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ പ്രക്രിയയില്‍ ഗുരുതരമായ അപാകതകള്‍ നടന്നിട്ടുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകള്‍ക്ക് ശേഷം നിരവധി കേന്ദ്രങ്ങളില്‍ പെട്ടെന്ന് മന്ദഗതിയിലായതായി രാജേഷ് റാം ആരോപിച്ചു. വോട്ടുകള്‍ മോഷ്ടിക്കാനാണ് അധികൃതര്‍ ശ്രമം നടത്തിയത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ചുറ്റും 'സെര്‍വര്‍ വാനുകള്‍' ചുറ്റിത്തിരിയുന്നതായും ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും രാജേഷ് റാം പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ട് മോഷണം നടക്കാമെങ്കില്‍ ഇവിടെയും അത് സംഭവിച്ചിട്ടില്ല എന്ന് എങ്ങനെ കരുതാനാകും? പ്രതിപക്ഷമോ ജനങ്ങളോ അങ്ങനെ സംശയിച്ചാല്‍ തെറ്റു പറയാനാകില്ല. തൊഴിലില്ലായ്മ, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, കുടിയേറ്റ പ്രശ്നങ്ങള്‍ ഇവയിലെല്ലാം വോട്ടര്‍മാര്‍ക്ക് ഭരണകൂടത്തോട് കടുത്ത നീരസം ഉണ്ടായിരുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബിഹാറിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാറായിട്ടില്ലെന്ന് ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കൃഷ്ണ അല്ലാവരു പറഞ്ഞു. അന്തിമ ഫലം വന്നതിനു ശേഷം പ്രതികരിക്കുമെന്നും അദേഹം പറഞ്ഞു. ബിഹാറില്‍ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിച്ചത്. എന്നാല്‍ ലീഡില്‍ രണ്ടക്കം കടക്കാന്‍ പോലും സാധിച്ചില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.