ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയര്‍ ഉള്‍പ്പെടെ മൂന്ന് വ്യോമയാന കമ്പനികള്‍ക്ക് എന്‍ഒസി നല്‍കി കേന്ദ്ര സര്‍ക്കാര്‍. അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ്, ഷാങ്ക് എയര്‍ എന്നീ മൂന്ന് കമ്പനികള്‍ക്കാണ് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്.
ഡിസംബര്‍ ആദ്യം ഉണ്ടായ ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെയാണ് രണ്ട് പുതിയ എയര്‍ലൈനുകള്‍ക്ക് എന്‍ഒസി അനുവദിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷാങ്ക് എയറിന് നേരത്തെ തന്നെ എന്‍ഒസി ലഭിച്ചിരുന്നു. മൂന്ന് കമ്പനികളും 2026 ല്‍ തന്നെ സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയുന്നത്.
കൂടുതല്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവസരം നല്‍കാനും യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനും വ്യോമയാന മേഖലയില്‍ കുത്തക ഒഴിവാക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
'ഇന്ത്യന്‍ ആകാശത്ത് ചിറക് വിരിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ എയര്‍ലൈനുകളായ ഷാങ്ക് എയര്‍, അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഷങ്ക് എയറിന് മന്ത്രാലയത്തില്‍ നിന്ന് നേരത്തെ എന്‍ഒസി ലഭിച്ചിട്ടുണ്ട്. ഈ ആഴ്ച അല്‍ഹിന്ദ് എയര്‍, ഫ്‌ളൈ എക്‌സ്പ്രസ് എന്നിവയ്ക്ക് എന്‍ഒസികള്‍ ലഭിച്ചു'- കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാന വിപണികളില്‍ ഒന്നായ ഇന്ത്യന്‍ വിമാന വ്യവസായത്തില്‍ കൂടുതല്‍ എയര്‍ലൈനുകളെ പ്രോത്സാഹിപ്പിക്കുക എന്നത് മന്ത്രാലയത്തിന്റെ ലക്ഷ്യമാണ്. ഉഡാന്‍ പോലുള്ള പദ്ധതികള്‍, സ്റ്റാര്‍ എയര്‍, ഇന്ത്യ വണ്‍ എയര്‍, ഫ്‌ളൈ 91 തുടങ്ങിയ ചെറിയ കാരിയറുകള്‍ക്ക് രാജ്യത്തിനകത്ത് റീജിയണല്‍ കണക്ടിവിറ്റിയില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
എയര്‍ലൈന്‍ തകര്‍ച്ചകള്‍ ആഗോള പ്രതിഭാസമാണെങ്കിലും സാമ്പത്തിക സൗഹൃദമല്ലാത്ത പ്രവര്‍ത്തന സാഹചര്യങ്ങള്‍ കാരണം രാജ്യത്ത് സ്ഥിതി കൂടുതല്‍ ആശങ്കാജനകമാണെന്ന് വ്യവസായ മേധാവികള്‍ പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയ്ക്ക് നേരിട്ട പ്രതിസന്ധി മൂലം 10 ദിവസത്തിനുള്ളില്‍ ഏകദേശം 4,500 വിമാനങ്ങളാണ് റദ്ദാക്കിയത്. അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകളെ ഇത് കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രതിസന്ധികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കൂടുതല്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.