ഛത്തീസ്ഗഡില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ വിളയാട്ടം; മാളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്തു

ഛത്തീസ്ഗഡില്‍ തീവ്ര ഹിന്ദുത്വ വാദികളുടെ വിളയാട്ടം; മാളില്‍ അതിക്രമിച്ചു കയറി ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്തു

റായ്പുര്‍: ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും ഒരു സംഘം തീവ്ര ഹിന്ദുത്വ വാദികള്‍ അടിച്ചു തകര്‍ത്തു. കമ്പും വടിയുമായി എത്തിയ സര്‍വ ഹിന്ദു സാമാജ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ രൂപവും അടക്കം അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെയായിരുന്നു സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് സര്‍വ ഹിന്ദു സമാജ് പ്രഖ്യാപിച്ച 'ഛത്തീസ്ഗഡ് ബന്ദ്' പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മാളില്‍ അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചു തകര്‍ത്തു. മാളിലെ സുരക്ഷാ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഡിസംബര്‍ 18 നാണ് ബന്ദിന് കാരണമായ സംഭവം ഉണ്ടാകുന്നത്.

കന്‍കെര്‍ ജില്ലയിലെ ബഡെതെവ്ഡ ഗ്രാമത്തിലെ സര്‍പഞ്ചായ രാജ്മാന്‍ സലാമിന്റെ മൃതദേഹം ക്രൈസ്തവ മതാചാരപ്രകാരം അടക്കം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് തീവ്ര ഹിന്ദുത്വ വാദികള്‍ തടയുകയും മേഖലയില്‍ വലിയ സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തിരുന്നു.

ക്രിസ്മസ് വേളയില്‍ ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും അലങ്കാരങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ഒഡിഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്‍ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തി. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി.

ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചച്ചു. ഇത്തരമാഘോഷങ്ങള്‍ വീട്ടിലിരുന്ന് മതിയെന്നായിരുന്നു ഭീഷണി. സാന്താക്ലോസ് തൊപ്പി ധരിച്ചതിനാല്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തുമെന്ന് ആരോപിക്കുകയും പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിനിടെ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് ഒരു വിവാദ സര്‍ക്കുലര്‍ പുറത്തിറക്കി. 'ഇവിടം ഹിന്ദു-സിഖ് ഭൂരിപക്ഷ പ്രദേശമാണെന്നും അതിനാല്‍ കുട്ടികളെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിക്കരുത്' എന്നായിരുന്നു ശ്രീഗംഗാ നഗര്‍ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.