ഹൃദയാഘാതം: ആശുപത്രിയിലെത്തിയിട്ടും ചികിത്സ കിട്ടാന്‍ എട്ട് മണിക്കൂര്‍ വൈകി; ഇന്ത്യന്‍ വംശജന് കാനഡയില്‍ ദാരുണാന്ത്യം

ഹൃദയാഘാതം: ആശുപത്രിയിലെത്തിയിട്ടും ചികിത്സ കിട്ടാന്‍ എട്ട് മണിക്കൂര്‍ വൈകി; ഇന്ത്യന്‍ വംശജന് കാനഡയില്‍ ദാരുണാന്ത്യം

എഡ്മോണ്ടണ്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് സമയത്ത് ചികിത്സ ലഭിക്കാതെ കാനഡയിലെ എഡ്മോണ്ടണില്‍ ഇന്ത്യന്‍ വംശജന് ദാരുണാന്ത്യം. നാല്‍പ്പത്തിനാലുകാരനായ പ്രശാന്ത് ശ്രീകുമാറാണ് മരിച്ചത്.

ഡിസംബര്‍ 22 ന് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രശാന്തിന് ചികിത്സ ലഭിക്കാനായി എട്ട് മണിക്കൂറിലേറെ കാത്ത് നില്‍ക്കേണ്ടി വന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവ് കുമാര്‍ ശ്രീകുമാര്‍ ആരോപിച്ചു.

ജോലി സ്ഥലത്ത് വെച്ചാണ് പ്രശാന്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അദേഹത്തെ തെക്കുകിഴക്കന്‍ എഡ്മോണ്ടണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കാത്തിരിക്കാന്‍ ആശുപത്രി അധികൃതര്‍ പറയുകയായിരുന്നു.

വൈകാതെ പിതാവ് കുമാര്‍ ശ്രീകുമാര്‍ ആശുപത്രിയില്‍ എത്തി. തനിക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് പ്രശാന്ത് പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം പ്രശാന്ത് ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാല്‍ അവര്‍ ഇസിജി എടുത്തെങ്കിലും അതില്‍ കാര്യമായി പ്രശ്‌നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് വീണ്ടും കാത്തിരിക്കാന്‍ പറയുകയായിരുന്നു.

ഇതിനിടെ അദേഹത്തിന് ടൈലനോള്‍ നല്‍കി. കാത്തിരിപ്പ് നീണ്ടതോടെ ഇടയ്ക്കിടെ ഒരു നേഴ്സ് വന്ന് പ്രശാന്തിന്റെ രക്ത സമ്മര്‍ദം പരിശോധിക്കുകയും ചെയ്തിരുന്നു. രക്തസമ്മര്‍ദം കൂടിയും കുറഞ്ഞും കണ്ടിട്ടും അവര്‍ യാതൊരു നടപടിയും എടുത്തില്ലെന്നും പ്രശാന്തിന്റെ പിതാവ് പറഞ്ഞു.

ഒടുവില്‍ എട്ട് മണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ എമര്‍ജന്‍സി റൂമിലേക്ക് വിളിപ്പിച്ചത്. ഇതോടെ പ്രശാന്ത് കുഴഞ്ഞു വീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കുഴഞ്ഞു വീണിട്ടും സഹായത്തിനായി വിളിച്ചെങ്കിലും ഏറെ വൈകിയാണ് നഴ്സുമാര്‍ എത്തിയതെന്നും ശ്രീകുമാര്‍ ആരോപിച്ചു. പ്രശാന്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.