പെർത്തിലെ തെരുവിൽ കരുണയുടെ 'ഭക്ഷണപ്പൊതി'; ക്രിസ്മസ് രാവിൽ ആലംബഹീനർക്ക് ഭക്ഷണം വിളമ്പി കാത്തലിക് കോൺഗ്രസും മിഷണറീസ് ഓഫ് ചാരിറ്റിയും

പെർത്തിലെ തെരുവിൽ കരുണയുടെ 'ഭക്ഷണപ്പൊതി'; ക്രിസ്മസ് രാവിൽ ആലംബഹീനർക്ക് ഭക്ഷണം വിളമ്പി കാത്തലിക് കോൺഗ്രസും മിഷണറീസ് ഓഫ് ചാരിറ്റിയും

പെർത്ത്: ആഘോഷങ്ങളുടെ വെളിച്ചം കടന്നുചെല്ലാത്ത പെർത്തിലെ തെരുവോരങ്ങളിൽ വിശന്നു വലഞ്ഞവർക്ക് സ്നേഹത്തിന്റെ വിരുന്നൊരുക്കി കാത്തലിക് കോൺഗ്രസും മിഷണറീസ് ഓഫ് ചാരിറ്റിയും. ക്രിസ്മസ് തലേന്ന് മക്കൈവർ ട്രെയിൻ സ്റ്റേഷന് സമീപമുള്ള 'മൂർ സ്ട്രീറ്റ് ഹബ്ബിൽ' നടന്ന സംയുക്ത സേവനപ്രവർത്തനം പ്രവാസി മലയാളി സമൂഹത്തിന് മാതൃകയായി.



ക്രിസ്മസ് തലേന്ന് വൈകിട്ട് അഞ്ചു മണിയോടെ ആരംഭിച്ച ഭക്ഷണ വിതരണത്തിൽ മിഷണറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റേഴ്സിനൊപ്പം കാത്തലിക് കോൺഗ്രസ് പ്രതിനിധികൾ ചേർന്നു. 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥനയോടെ തുടങ്ങിയ വിതരണത്തിൽ എൺപതിലധികം പേർക്ക് ചിക്കൻ ബിരിയാണി നൽകി. കേവലം ഭക്ഷണമെന്നതിലുപരി ചേർത്തുപിടിക്കലിന്റെയും പ്രത്യാശയുടെയും സന്ദേശമാണ് ഈ കൂട്ടായ്മ കൈമാറിയത്.

അഡ്വെന്റ് കാലത്ത് കാത്തലിക് കോൺഗ്രസ് ആവിഷ്കരിച്ച 'ഡോളർ എ ഡേ' (Dollar a Day) എന്ന ക്യാമ്പെയ്ൻ വഴിയാണ് ഈ കാരുണ്യ പ്രവർത്തനത്തിനുള്ള തുക കണ്ടെത്തിയത്. ഒരു ദിവസം ഒരു ഡോളർ എന്ന നിലയിൽ കുറഞ്ഞത് 20 ഡോളർ വീതം ഓരോ അംഗങ്ങളിൽ നിന്നും സമാഹരിച്ചു. ശേഷിക്കുന്ന തുക മഡഗാസ്കറിലെ ഭവനരഹിതർക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി മലയാളി വൈദികരിലൂടെ കൈമാറും. പദ്ധതിയുടെ യഥാർത്ഥ നായകർ തങ്ങളല്ല മറിച്ച് ഉദാരമനസ്കരായ സാധാരണക്കാരാണെന്ന് കാത്തലിക് കോൺഗ്രസ് ഭാരവാഹികൾ എടുത്തു പറഞ്ഞു.

2004 മുതൽ പെർത്തിലെ തെരുവുകളിൽ സേവനം ചെയ്യുന്ന മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക്  പൂർണ പിന്തുണ പ്രഖ്യാപിച്ച കാത്തലിക് കോൺഗ്രസ് വരും വർഷങ്ങളിൽ ഈ മാതൃക സിഡ്‌നി, മെൽബൺ, ബ്രിസ്ബേൻ തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. സിറോ മലബാർ സഭയുടെ സാന്നിധ്യമുള്ള എല്ലാ പ്രധാന നഗരങ്ങളിലും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ 2026 ഓടെ സജീവമാക്കാനാണ് തീരുമാനം.



"സ്നേഹവും ബഹുമാനവും ഭക്ഷണത്തോളം തന്നെ പ്രധാനമാണ്. മദർ തെരേസയുടെ ഈ വാക്കുകളാണ് ഞങ്ങൾക്ക് പ്രചോദനം." - മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാർ പറഞ്ഞു. സർക്കാർ തലത്തിലുള്ള 'ജുറിപ്പിനി മിയ' (Djuripiny Mia), 'വാഞ്ചു ബിഡി' (Wandjoo Bidi) തുടങ്ങിയ ഭവന പദ്ധതികൾക്കൊപ്പം വിശ്വാസ സമൂഹത്തിന്റെ ഇത്തരം ഇടപെടലുകൾ പെർത്തിലെ തെരുവോരങ്ങളിൽ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.