കാനഡയില്‍ ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവം; ഭര്‍ത്താവിനെ കൊന്നത് ആശുപത്രി അധികൃതരെന്ന ആരോപണവുമായി ഭാര്യ

 കാനഡയില്‍ ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവം; ഭര്‍ത്താവിനെ കൊന്നത് ആശുപത്രി അധികൃതരെന്ന ആരോപണവുമായി ഭാര്യ

ടൊറന്റോ: കാനഡയിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. പ്രശാന്ത് ശ്രീകുമാര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ് ചികിത്സ ലഭിക്കാന്‍ എഡ്മണ്ടണിലെ ഗ്രേ നണ്‍സ് കമ്യൂണിറ്റി ആശുപത്രിയില്‍ എട്ട് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതിന് പിന്നാലെ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഡിസംബര്‍ 22 നായിരുന്നു സംഭവം.

സംഭവത്തില്‍ പ്രശാന്ത് ശ്രീകുമാറിന്റെ ഭാര്യ നിഹാരികയുടെ പ്രതികരണം ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശ്രീകുമാറിന്റെ മൃതദേഹത്തിന് സമീപത്ത് നിന്നുകൊണ്ടായിരുന്നു നിഹാരികയുടെ പ്രതികരണം. പ്രശാന്തിന്റെ മരണത്തിന് കാരണം ആശുപത്രി അധികൃതരാണെന്നാണ് നിഹാരികയുടെ ആരോപണം.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെ നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ 12:20 ന് ശ്രീകുമാറിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 12:20 മുതല്‍ രാത്രി 8:50 വരെ അദേഹം ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ചികിത്സ നല്‍കുന്ന മുറിയില്‍ കാത്തിരുന്നു. നെഞ്ചുവേദന അനുഭവപ്പെടുന്നെന്ന് തുടര്‍ച്ചയായി അദേഹം പറഞ്ഞിരുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. അദേഹത്തിന്റെ രക്തസമ്മര്‍ദം തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. അവസാനം പരിശോധിച്ചപ്പോള്‍ അത് 210 ല്‍ എത്തിയിരുന്നുവെന്നും നിഹാരിക പറഞ്ഞു.

മാത്രമല്ല പുറത്ത് കാത്തിരുന്ന സമയത്ത് ടൈലെനോള്‍ എന്ന മരുന്ന് മാത്രമാണ് ശ്രീകുമാറിന് നല്‍കിയതെന്നും വൈദ്യ സഹായം ലഭ്യമാക്കിയില്ലെന്നും നിഹാരിക ആരോപിച്ചു. നെഞ്ച് വേദനയെ ഒരു ഗുരുതര പ്രശ്നമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ഹൃദയാഘാതമാണെന്ന് അവര്‍ സംശയിച്ചതേയില്ലെന്നും നിഹാരിക വ്യക്തമാക്കി.

എട്ട് മണിക്കൂറിലധികം കാത്തിരുന്നതിന് പിന്നാലെയാണ് എമര്‍ജെന്‍സി വിഭാഗത്തിലേക്ക് ശ്രീകുമാറിനെ മാറ്റിയത്. അദേഹത്തോട് ഇരിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് എഴുന്നേല്‍ക്കുകയും പൊടുന്നനെ കുഴഞ്ഞുവീഴുകയുമായിരുന്നു. പള്‍സ് കിട്ടുന്നില്ലെന്ന് നഴ്സ് പറയുന്നത് താന്‍ കേട്ടെന്നും നിഹാരിക പറഞ്ഞു. കൃത്യസമയത്ത് വൈദ്യ സഹായം ലഭ്യമാക്കാതെ തന്റെ ഭര്‍ത്താവിനെ ആശുപത്രി അധികൃതരും ഗ്രേ നണ്‍സ് കമ്യൂണിറ്റി ആശുപത്രിയിലെ ജീവനക്കാരും കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ മോശമായാണ് പെരുമാറിയതെന്നും നിഹാരിക ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.