എൽ-ഒബെയ്ദ്: കടുത്ത ആഭ്യന്തര യുദ്ധവും പട്ടിണിയും മൂലം വീർപ്പുമുട്ടുന്ന സുഡാൻ ജനതയ്ക്ക് പ്രത്യാശയുടെ ക്രിസ്മസ് സന്ദേശവുമായി എൽ-ഒബെയ്ദ് രൂപതാ ബിഷപ്പ് യുനാൻ ടോംബെ ട്രില്ലെ കുക്കു. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും, ക്രിസ്തുവിന്റെ ജനനം സമാധാനത്തിന്റെയും അതിജീവനത്തിന്റെയും വാഗ്ദാനമാണെന്ന് അദേഹം ഓർമ്മിപ്പിച്ചു.
യുദ്ധം തകർത്തെറിഞ്ഞ സുഡാനിലെ സാഹചര്യങ്ങളെ പുൽക്കൂടിനോടാണ് ബിഷപ്പ് ഉപമിച്ചത്. "നമ്മുടെ ജനങ്ങൾ നേരിടുന്ന ഭയവും നിസ്സഹായതയും ഉണ്ണിയേശു ജനിച്ച ആ എളിയ പുൽക്കൂടിന് സമാനമാണ്. ദൈവപുത്രൻ ജനിച്ചത് ആർഭാടങ്ങളിലേക്കല്ല, മറിച്ച് കഷ്ടതകൾ അനുഭവിക്കുന്നവരിലേക്കാണ്," അദ്ദേഹം പറഞ്ഞു. യുദ്ധം മൂലം അനേകം പള്ളികൾ തകർക്കപ്പെട്ടതായും കൂദാശകൾ അർപ്പിക്കാൻ പോലും വൈദികരില്ലാത്ത അവസ്ഥയാണെന്നും ബിഷപ്പ് വേദനയോടെ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച സൈനിക കലാപത്തിൽ സുഡാൻ പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഇതുവരെ ഏകദേശം ഒന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. 14 ദശലക്ഷത്തിലധികം ആളുകൾക്ക് വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. പട്ടിണിയുടെ വക്കിലായ മൂന്ന് കോടിയിലധികം ജനങ്ങൾക്ക് അടിയന്തര മാനുഷിക സഹായം ആവശ്യമാണെന്ന് ബിഷപ്പ് ലോകസമൂഹത്തെ ഓർമ്മിപ്പിച്ചു.
പരസ്പര സ്നേഹത്തിലൂടെയും ഐക്യദാർഢ്യത്തിലൂടെയും മാത്രമേ ഈ ദുരിതങ്ങളെ മറികടക്കാൻ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാനും തകർന്ന ജീവിതങ്ങൾ കെട്ടിപ്പടുക്കാനും എല്ലാവരും ഒത്തൊരുമിച്ച് പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം തളർത്തിയ ഒരു ജനതയ്ക്ക് ആത്മീയ കരുത്ത് പകരുന്നതായിരുന്നു ബിഷപ്പിന്റെ സന്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.