നൈജീരിയയിൽ ക്രൈസ്തവവേട്ട; 10 വർഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 212 കത്തോലിക്കാ വൈദികരെ

നൈജീരിയയിൽ ക്രൈസ്തവവേട്ട; 10 വർഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 212 കത്തോലിക്കാ വൈദികരെ

അബുജ: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവ വൈദികർക്കും വിശ്വാസികൾക്കും നേരെ നടക്കുന്ന അക്രമങ്ങൾ അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. 2015 നും 2025 നും ഇടയിലുള്ള പത്ത് വർഷത്തിനിടയിൽ രാജ്യത്ത് 212 കത്തോലിക്കാ വൈദികർ തട്ടിക്കൊണ്ടുപോകപ്പെട്ടതായി 'എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്' (ACN) പുറത്തുവിട്ട ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. സഭയുടെ 59 രൂപതകളിൽ 41 എണ്ണത്തിലും ഇത്തരം അക്രമങ്ങൾ നടന്നതായാണ് കണക്കുകൾ.

തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ 183 പേർ പിന്നീട് മോചിപ്പിക്കപ്പെട്ടെങ്കിലും 12 വൈദികർ ഭീകരരാൽ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേർ തടവിൽ കഴിയുന്നതിനിടെ അനുഭവിച്ച ക്രൂരമായ പീഡനങ്ങൾ നിമിത്തം മരണമടഞ്ഞു. ആറ് വൈദികർ ഇപ്പോഴും കാണാമറയത്താണ്. ഒകിഗ്‌വെ, പോർട്ട് ഹാർകോർട്ട്, എൻസുക്ക രൂപതകളിലാണ് ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകലുകൾ നടന്നത്. പലയിടങ്ങളിലും പള്ളികളിൽ അതിക്രമിച്ചു കയറി വൈദികരെയും വിശ്വാസികളെയും പിടികൂടുകയായിരുന്നു.

നൈജീരിയൻ സർക്കാരിന്റെ സഹകരണത്തോടെ അമേരിക്കൻ സേന രാജ്യത്തെ ഇസ്ലാമിക് സ്റ്റേറ്റ് (ISIS) കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ശക്തമായ വ്യോമാക്രമണം നടത്തി. നിരപരാധികളായ ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഭീകരർക്കെതിരെയാണ് ഈ നീക്കമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സോക്കോട്ടോ പ്രവിശ്യയിലെ ഭീകര കേന്ദ്രങ്ങളാണ് യുഎസ് ആഫ്രിക്ക കമാൻഡ് തകർത്തത്.

ഭീകരാക്രമണങ്ങളെ തുടർന്ന് നൈജീരിയയിലെ ഒട്ടേറെ ക്രിസ്ത്യൻ ഗ്രാമങ്ങൾ പൂർണ്ണമായും ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികളാണ് ജീവൻ രക്ഷിക്കാൻ നാടുവിട്ടത്. പള്ളികൾ തകർക്കപ്പെടുകയും ഇടവകകൾ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. സന്യാസ സമൂഹങ്ങൾക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അക്രമങ്ങൾ കൂടി കണക്കിലെടുത്താൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും വലുതാകുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.