അമരാവതി: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ വൃദ്ധയുടെ മൃതദേഹം കൊണ്ടുപോയത് മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്ന പ്രത്യേക റിക്ഷയില്‍. പൊതുജനാരോഗ്യ രംഗത്തെ അപാകതകള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരേയും ദുര്‍ബല വിഭാഗങ്ങളേയുമാണ് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.
ആന്ധ്രാപ്രദേശിലെ പാര്‍വതിപുരം മാന്യം ജില്ലയിലെ ഗുമ്മലക്ഷ്മിപുരം മണ്ഡലം ആസ്ഥാനത്താണ് സംഭവം നടന്നത്. സംഭവത്തില്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുകയും അധികാരികളോട് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗുമ്മലക്ഷ്മിപുരം നിവാസിയായ 65 വയസുള്ള രാധമ്മ അസുഖത്തെ തുടര്‍ന്ന് ഭദ്രഗിരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് രാധമ്മ മരിച്ചത്. മരണശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
ഇതേത്തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ സ്വകാര്യ ആംബുലന്‍സിനെ ബന്ധപ്പെട്ടെങ്കിലും വാഹന ഉടമ 2500 രൂപ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒടുവില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ മാലിന്യം ശേഖരിക്കുന്ന റിക്ഷയില്‍ മൃതദേഹം കൊണ്ടുപോകാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
'മഹാപ്രസ്ഥാനം' എന്ന ശവസംസ്‌കാര സേവന വാഹനം ആശുപത്രിയില്‍ ലഭ്യമല്ലെന്നും അവര്‍ വ്യക്തമാക്കി. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി ഒരു പ്രത്യേക
വാഹനം അനുവദിച്ചാല്‍, ഭാവിയില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ നിന്നും നാലുവയസുകാരിയുടെ സമാനമായ ഒരു സംഭവം പുറത്ത് വന്നിരുന്നു. ചികിത്സയിലായിരിക്കെ മരിച്ച നാല് വയസുകാരിയുടെ മൃതദേഹം സഞ്ചിയിലാക്കിയാണ് മാതാപിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയത്. ജാര്‍ഖണ്ഡിലെ ചൈബാസ സര്‍ദാര്‍ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ച സംഭവം.
ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് നാല് വയസുകാരി മരിക്കുന്നത്. എന്നാല്‍ മൃതദേഹവുമായി നാട്ടിലേക്ക് മടങ്ങാന്‍ ആംബുലന്‍സ് നിഷേധിച്ചതോടെ കുട്ടിയുടെ മൃതദേഹം സഞ്ചിയിലാക്കി മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ പോരായ്മയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.