റോം: ലോകം ഉറങ്ങുമ്പോഴാണ് സിസ്റ്റർ കാർല വെൻഡിറ്റിയും സംഘവും ഇറ്റലിയിലെ റോമിലെയും അബ്രുസോയിലെയും തെരുവുകളിലേക്ക് ഇറങ്ങുന്നത്. മാരകമായ മയക്കുമരുന്നിനും ശാരീരിക പീഡനങ്ങൾക്കും വിധേയരായി മനുഷ്യക്കടത്ത് മാഫിയകളുടെ കെണിയിൽ അകപ്പെട്ട സ്ത്രീകളെ തേടിയാണ് ഈ കന്യാസ്ത്രീയുടെ യാത്ര. പത്തു വർഷം മുൻപ് ദൈവം തനിക്ക് നൽകിയ പ്രത്യേക നിയോഗമാണിതെന്ന് സിസ്റ്റർ കാർല വിശ്വസിക്കുന്നു.
ക്രൂരമായ പീഡനങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും മോചിപ്പിക്കപ്പെടുന്ന സ്ത്രീകൾക്കായി 'ഓയാസി മാദ്രെ ക്ലീലിയ' (Oasis of Mother Clelia) എന്ന പേരിൽ ഒരു അഭയകേന്ദ്രം സിസ്റ്റർ നടത്തുന്നുണ്ട്. ഇവിടെ എത്തുന്നവർക്ക് കേവലം ഭക്ഷണവും താമസവും മാത്രമല്ല തകർന്നടിഞ്ഞ അവരുടെ മനസ്സിനെ സുഖപ്പെടുത്താനുള്ള സ്നേഹവും പരിചരണവുമാണ് നൽകുന്നത്.
"രാത്രിയുടെ നിഗൂഢതകളിൽ പ്രകാശവും സ്നേഹവും എത്തിക്കുക എന്നത് വലിയൊരു ദൗത്യമാണ്.
ഇത് നമ്മെ ഉള്ളിൽ നിന്ന് മാറ്റുന്നു," സിസ്റ്റർ ലൂസിയ സോസിയോ പറയുന്നു. തെരുവിൽ വച്ച് കാണുന്ന സ്ത്രീകളുമായി ആദ്യം സൗഹൃദം സ്ഥാപിക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുക എന്നതാണ് ആദ്യ ഘട്ടം. ഭീഷണികൾ ഭയന്ന് പിന്മാറുന്നവരെ സാവധാനം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.
പുതുജീവിതം തുടങ്ങിയ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ സിസ്റ്റർ കാർലയുടെ നേതൃത്വത്തിൽ വിവിധ തൊഴിലുകളും പരിശീലിപ്പിക്കുന്നു. മാർക്കറ്റുകളിൽ കൈകൊണ്ട് നിർമ്മിച്ച വസ്തുക്കൾ വിൽക്കുന്നതിലൂടെയും സുമനസ്സുകളുടെ സഹായത്തിലൂടെയുമാണ് ഈ ദൗത്യം മുന്നോട്ട് പോകുന്നത്. ഇതിനോടകം നൂറുകണക്കിന് സ്ത്രീകളാണ് സിസ്റ്ററുടെ കൈപിടിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
"ദൈവം തന്റെ മക്കളെ ഉപേക്ഷിക്കില്ല. ആകാശം എപ്പോഴും മേഘാവൃതമായിരിക്കില്ല, എല്ലാവർക്കുമായി സൂര്യൻ ഉദിക്കാനുണ്ട്," എന്നാണ് ജീവിതത്തോട് പൊരുതുന്നവരോട് സിസ്റ്റർ കാർലയ്ക്ക് പറയാനുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.