ഉസ്മാന്‍ ഹാദിയുടെ കൊലപാതകം: രണ്ട് പ്രതികള്‍ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

ഉസ്മാന്‍ ഹാദിയുടെ കൊലപാതകം: രണ്ട് പ്രതികള്‍ മേഘാലയ വഴി ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

ധാക്ക: ബംഗ്ലാദേശിലെ യുവ രാഷ്ട്രീയ നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദി വധത്തിലെ രണ്ട് പ്രധാന പ്രതികള്‍ കൊലപാതകത്തിന് ശേഷം മേഘാലയ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നതായി ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ്.

'ദി ഡെയ്ലി സ്റ്റാര്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രതികളെന്ന് സംശയിക്കപ്പെടുന്ന ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്ക്കും മൈമെന്‍സിങിലെ ഹലുഘട്ട് അതിര്‍ത്തി വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ എസ്.എന്‍ നസ്രുള്‍ ഇസ്ലാം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, പ്രതികള്‍ ഹലുഘട്ട് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചു. പിന്നീട് പുര്‍തി എന്ന വ്യക്തിയാണ് അവരെ ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് സമി എന്ന ടാക്‌സി ഡ്രൈവര്‍ അവരെ മേഘാലയയിലെ തുറ നഗരത്തിലേക്ക് കൊണ്ടു പോയി'- നസ്രുള്‍ ഇസ്ലാം പറഞ്ഞതായി ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികളെ സഹായിച്ച രണ്ട് വ്യക്തികളെയും ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തതായി പൊലീസിന് അനൗപചാരിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും ഇരുവരെയും കൈമാറുന്നതിന് ഇന്ത്യന്‍ അധികൃതരുമായി ഔദ്യോഗികമായും അനൗദ്യോഗികമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നും നസ്രുള്‍ ഇസ്ലാം പറഞ്ഞു.

ഷെയ്ഖ് ഹസീന സര്‍ക്കാരിനെ താഴെയിറക്കാന്‍ കാരണമായ 2024 ലെ പ്രക്ഷോഭത്തില്‍ പ്രധാനിയായിരുന്നു ഷെരീഫ് ഉസ്മാന്‍ ഹാദി. കടുത്ത ഇന്ത്യാ വിമര്‍ശകനായിരുന്ന ഇയാള്‍ അവാമി ലീഗിന് നേര്‍ക്കും കടുത്ത വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.

ഡിസംബര്‍ 12 നാണ് ഉസ്മാന്‍ ഹാദിക്ക് തലയില്‍ വെടിയേല്‍ക്കുന്നത്. മുഖം മറച്ച അജ്ഞാതരായിരുന്നു വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഹാദിയെ സിങ്കപ്പൂരിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടു പോയിരുന്നെങ്കിലും പിന്നീട് മരിച്ചു.

ഹാദിയുടെ കൊലപാതകം ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വ്യാപകമായ അക്രമത്തിന് കാരണമായി. രാജ്യത്തെ പ്രധാന പത്രങ്ങളായ പ്രോതോം അലോ, ദി ഡെയ്ലി സ്റ്റാര്‍ എന്നിവയുടെയും സാംസ്‌കാരിക സംഘടനകളായ ചായനാഥ്, ഉദിചി ശില്‍പി ഗോഷ്ഠി എന്നിവയുടെയും ഓഫീസുകള്‍ ജനക്കൂട്ടം തീയിട്ട് നശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.