'അമേരിക്കയുമായും ഇസ്രയേലുമായും ഇറാന്‍ പൂര്‍ണ യുദ്ധത്തിലാണ്': ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടക്കാനിരിക്കെ ഒരു മുഴം മുന്‍പേ എറിഞ്ഞ് പെസെഷ്‌കിയാന്‍

'അമേരിക്കയുമായും ഇസ്രയേലുമായും ഇറാന്‍ പൂര്‍ണ യുദ്ധത്തിലാണ്': ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച നടക്കാനിരിക്കെ  ഒരു മുഴം മുന്‍പേ എറിഞ്ഞ് പെസെഷ്‌കിയാന്‍

ഇറാന്റെ സായുധ സേന ഇപ്പോള്‍ കൂടുതല്‍ ശക്തരും സജ്ജരുമാണെന്നാണ് പെസഷ്‌കിയാന്റെ അവകാശവാദം.

ടെഹ്റാന്‍: അമേരിക്ക, ഇസ്രയേല്‍, യൂറോപ്പ് എന്നിവയുമായി തന്റെ രാജ്യം പൂര്‍ണ തോതിലുള്ള യുദ്ധത്തിന്റെ അവസ്ഥയിലാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍.

ഇറാനിയന്‍ സുപ്രീം നേതാവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് പെഷേഷ്‌കിയന്‍ പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ തിങ്കളാഴ്ച ഫ്‌ളോറിഡയില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.

നമ്മുടെ രാജ്യം സ്വന്തം കാലില്‍ നില്‍ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 1980 കളില്‍ ഇറാഖുമായി നടത്തിയ യുദ്ധത്തേക്കാള്‍ മോശമായിരിക്കും ഈ യുദ്ധം എന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഇറാഖുമായി നടന്ന യുദ്ധത്തില്‍ ഇരുവശത്തുമായി പത്ത് ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതിനെ അപേക്ഷിച്ച് ഈ യുദ്ധം വളരെ സങ്കീര്‍ണവും ദുഷ്‌കരവുമാണ്. ഇറാഖുമായുള്ള യുദ്ധത്തില്‍ സാഹചര്യം വ്യക്തമായിരുന്നു. അവര്‍ മിസൈലുകള്‍ വിക്ഷേപിച്ചു. എവിടെ ആക്രമിക്കണമെന്ന് നമുക്ക് അറിയാമായിരുന്നു. എന്നാല്‍ ഇവിടെ അവര്‍ എല്ലാ വശങ്ങളില്‍ നിന്നും നമ്മെ വളഞ്ഞിരിക്കുന്നു.

ഉപജീവന മാര്‍ഗം, സംസ്‌കാരം, രാഷ്ട്രീയം, സുരക്ഷ എന്നിവയുടെ കാര്യത്തില്‍ ഇപ്പോള്‍ അവര്‍ നമുക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നു ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍ ആയുധങ്ങളുടെയും ആളുകളുടെയും കാര്യത്തില്‍ അവരുടെ മുന്‍ ആക്രമണങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ തങ്ങള്‍ വളരെ ശക്തരാണെന്നും അതിനാല്‍ അവര്‍ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രസിഡന്റിനൊപ്പമുള്ള ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

അതേ സമയം ഇറാനെ ആക്രമിക്കാനുള്ള പദ്ധതി നെതന്യാഹു അമേരിക്കന്‍ നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ജൂണില്‍ നടന്ന സൈനിക നടപടികളേക്കാള്‍ ഉപരോധങ്ങള്‍, അന്താരാഷ്ട്ര ഒറ്റപ്പെടുത്തല്‍, നയതന്ത്ര സമ്മര്‍ദ്ദം എന്നിവയിലൂടെ ഇറാനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ച്ച് ചെയ്യുന്നു.

കഴിഞ്ഞ ജൂണില്‍ 12 ദിവസത്തെ വ്യോമാക്രമണത്തിനിടെ ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 1,100 ഓളം ഇറാനികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ 28 പേരും കൊല്ലപ്പെട്ടു. എന്നിരുന്നാലും ജൂണില്‍ ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം ഇറാന്റെ സായുധ സേന ഇപ്പോള്‍ കൂടുതല്‍ ശക്തരും സജ്ജരുമാണെന്നാണ് പെസഷ്‌കിയാന്റെ അവകാശവാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.