ബംഗളൂരു: ബംഗളൂരു യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച് നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് യോഗം ചേരുക. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും യോഗത്തില്‍ പങ്കെടുക്കും. എഐസിസി നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം.
ഇടക്കാല പുനരധിവാസം സജ്ജമാക്കാനാണ് ധാരണ. കുടിയിറക്കല്‍ നടന്ന കോഗിലു ക്രോസ് ന്യൂനപക്ഷ മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ സന്ദര്‍ശിച്ചു. അനധികൃത കുടിയേറ്റം ആരോപിച്ച് ബംഗളൂരുവില്‍ നടന്ന പൊളിക്കല്‍ നടപടി കോണ്‍ഗ്രസിനുള്ളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടു. ഉത്തര്‍ പ്രദേശില്‍ ഉള്‍പ്പെടെ ബിജെപി സര്‍ക്കാര്‍ നയിക്കുന്ന 'ബുള്‍ഡോസര്‍ രാജില്‍' നിന്ന് വ്യത്യസ്തമല്ല ബംഗളുരുവിലെ കോണ്‍ഗ്രസ് നടപടി എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
യലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ശനിയാഴ്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും സംസാരിച്ചിരുന്നു. ഈ നടപടിയില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും തീരുമാനമെടുക്കുന്നതില്‍ മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് അത്തരം നടപടികള്‍ക്ക് കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ദുരിതബാധിത കുടുംബങ്ങളുമായി വ്യക്തിപരമായി സംസാരിക്കുമെന്നും ഉടന്‍ തന്നെ പുനരധിവാസവും ആശ്വാസവും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യയും ശിവകുമാറും ഉറപ്പ് നല്‍കിയതായും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.