ഫ്ലോറിഡ: മൂന്ന് വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക നീക്കങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി ട്രംപ് സുപ്രധാന ചർച്ച നടത്തി. സെലൻസ്കിയെ കാണുന്നതിന് തൊട്ടുമുൻപായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഫോണിൽ വിളിച്ച് ട്രംപ് സംസാരിച്ചതും ശ്രദ്ധേയമായി.
യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുന്നോട്ടുവെച്ച 20 ഇന സമാധാന പദ്ധതിയിന്മേൽ മികച്ച പുരോഗതിയുണ്ടായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും പ്രതികരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ പോരാട്ടത്തിനാണ് വിരാമമാകാൻ പോകുന്നതെന്ന് ചർച്ചയ്ക്ക് ശേഷം ട്രംപ് പ്രതികരിച്ചു.
"പുടിനുമായുള്ള സംഭാഷണം മികച്ചതായിരുന്നു, യുദ്ധം ഉടൻ അവസാനിക്കും. പിടിച്ചെടുത്ത ഭൂമിയെച്ചൊല്ലിയുള്ള ചില സങ്കീർണമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം," ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് സെലൻസ്കിയും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്ന്റെ സുരക്ഷ ഉറപ്പാക്കണമെന്ന മുൻനിലപാട് അദേഹം ആവർത്തിച്ചു. സമാധാനത്തിനായി തുടർചർച്ചകൾക്ക് തയ്യാറാണെന്ന് അറിയിച്ച സെലൻസ്കി ട്രംപ് മുന്നോട്ടുവെച്ച പദ്ധതികളിൽ പുരോഗതിയുണ്ടെന്ന് സമ്മതിച്ചു.
ജനുവരിയിൽ ട്രംപും സെലൻസ്കിയും വീണ്ടും കൂടിക്കാഴ്ച നടത്തും. പുടിനെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ത്രികക്ഷി ഉച്ചകോടിയിലൂടെ യുദ്ധത്തിന് പൂർണവിരാമമിടാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. വമ്പൻ പ്രഖ്യാപനങ്ങളൊന്നും ഉടനടി ഉണ്ടായില്ലെങ്കിലും യുദ്ധം ഇനി അധികകാലം നീളില്ലെന്ന ട്രംപിന്റെ അവകാശവാദം ആഗോളതലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.