വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാന്‍ മോഡി പള്ളിയില്‍ പോകുന്നു; ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ വിമര്‍ശനവുമായി ദീപിക

വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാന്‍ മോഡി പള്ളിയില്‍ പോകുന്നു; ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തില്‍ വിമര്‍ശനവുമായി ദീപിക

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക ​ദിനപത്രം. 'വര്‍ഗീയത വാനോളം, നിവേദനം പോരാ' എന്ന തലക്കെട്ടോട് കൂടിയുള്ള മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. ക്രൈസ്തവർക്കെതിരായ ആക്രമണം നടക്കുമ്പോഴും പ്രധാനമന്ത്രി യാതൊരു തരത്തിലും പ്രതികരിക്കുകയോ അഭിപ്രായം പറയുകയോ ചെയ്തിരുന്നില്ല. പ്രധാന മന്ത്രിയുടെ ഈ മൗനത്തിനെതിരേയും വിമർശനമുണ്ട്.

'11 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിയുടെ മൗനവും പുതിയതല്ല. ബിജെപി സര്‍ക്കാരുകള്‍ക്ക് കൊടുക്കുന്ന നിവേദനങ്ങള്‍ അവഗണിക്കപ്പെടുന്നതും പുതിയ കാര്യമല്ല. ചേര്‍ത്തുവായിക്കുമ്പോള്‍ പരസ്പരബന്ധം ദൃശ്യമാണ്. ബിജെപി സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയതുകൊണ്ട് മാത്രം പ്രശ്‌നപരിഹാരം സാധ്യമല്ല. കോടതിയെ സമീപിക്കണം', മുഖപ്രസംഗത്തില്‍ പറയുന്നു.

ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിനെതിരായ അതിക്രമമെന്നും രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ നിരവധി ഇടങ്ങളില്‍ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടെന്നും ദീപിക കുറ്റപ്പെടുത്തുന്നു. വര്‍ഗീയവാദികള്‍ അക്രമം നടത്തുമ്പോള്‍ പ്രധാനമന്ത്രി പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയത് വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകും. അല്ലെങ്കില്‍ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയോ അവ ലഭിക്കുകയോ ചെയ്‌തേനെയെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം നവംബര്‍ വരെ ക്രൈസ്തവര്‍ക്കെതിരെ 706 അക്രമങ്ങള്‍ നടന്നെന്നും കഴിഞ്ഞവര്‍ഷം 834 അതിക്രമ സംഭവങ്ങള്‍ ഉണ്ടായെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. ബിജെപി അധികാരത്തില്‍ എത്തിയതിനുശേഷം അതിക്രമം നാലും അഞ്ചും ഇരട്ടിയായി. കാസ എന്ന സംഘടനയെയും മുഖപ്രസംഗത്തില്‍ പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സംഘപരിവാറിനെ പോലും ലജ്ജിപ്പിക്കുന്ന ന്യായീകരണമാണ് കാസ  നടത്തുന്നതെന്നാണ് പരാമര്‍ശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.