മനാഗ്വേ: ലാറ്റിൻ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ക്രൈസ്തവ വിരുദ്ധ നിലപാടുകൾ കടുപ്പിച്ച് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗ. രാജ്യത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ ബൈബിൾ കൈവശം വയ്ക്കുന്നത് ഭരണകൂടം നിരോധിച്ചു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടനയായ 'ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്' (CSW) ആണ് പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ പുതിയ വിവാദ ഉത്തരവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
നിക്കരാഗ്വേയുടെ തലസ്ഥാനമായ മനാഗ്വേയിലേക്ക് സർവീസ് നടത്തുന്ന ബസ് ടെർമിനലുകളിൽ യാത്രക്കാർക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിത്തുടങ്ങി. ബൈബിളിന് പുറമെ മാസികകൾ, പത്രങ്ങൾ, മതപരമായ പുസ്തകങ്ങൾ, ക്യാമറകൾ എന്നിവയ്ക്കും വിലക്കുണ്ട്. കഴിഞ്ഞ ആറു മാസമായി ഈ നിയന്ത്രണങ്ങൾ രാജ്യത്ത് നടപ്പിലാക്കി വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ ഏകാധിപത്യപരമായ നയങ്ങൾക്കെതിരെ കത്തോലിക്കാ സഭ ശക്തമായ നിലപാട് സ്വീകരിച്ചതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് സഭയെ അടിച്ചമർത്താനുള്ള നീക്കങ്ങളാണ് വർഷങ്ങളായി അവിടെ നടക്കുന്നത്. സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും ഭരണകൂടം കൈയടക്കി. നിരവധി മെത്രാന്മാരെയും വൈദികരെയും തടങ്കലിലാക്കുകയും സന്യാസ സമൂഹങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കുകയും ചെയ്തു. വിശുദ്ധ വാര പ്രദിക്ഷണങ്ങൾക്കും പൊതുവായ മതചടങ്ങുകൾക്കും നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.
ക്രൈസ്തവ വിശ്വാസികളെയും സഭാ ശുശ്രൂഷകരെയും നിരന്തരം വേട്ടയാടുന്ന നിക്കരാഗ്വേയിലെ സാഹചര്യം ആഗോളതലത്തിൽ വലിയ ഉത്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് മേൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണം രാജ്യത്തെ മതസ്വാതന്ത്ര്യം പൂർണ്ണമായും ഇല്ലാതാക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.