തിരുവനന്തപുരം: അമിത ആത്മവിശ്വാസം, സംഘടനാ ദൗര്‍ബല്യം, പ്രാദേശിക വീഴ്ച തുടങ്ങിയ കാരണങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് കാരണമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.
ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവര്‍ക്ക് ലഭിച്ചില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ ശബരിമല ഉള്‍ക്കൊള്ളുന്ന പന്തളം മുനിസിപ്പാലിറ്റി ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് തെളിവായി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ച് ഒക്ടോബര്‍ 29 ലെ മന്ത്രിസഭാ തീരുമാനം വെച്ച് വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം പൊതുവില്‍ എല്‍ഡിഎഫിനുണ്ടായിരുന്നു.
ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച് നഗര മേഖലകളിലുണ്ടായ സംഘടനാ ദൗര്‍ബല്യം തിരിച്ചടിക്ക് കാരണമായി. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തടസമായി നില്‍ക്കുന്ന സ്ഥിതിയുണ്ടായി. മാധ്യമങ്ങള്‍ തുടര്‍ച്ചയായി നടത്തി വന്ന തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പണക്കൊഴുപ്പിന്റെ വലിയ സ്വാധീനം യുഡിഎഫും ബിജെപിയും ഉപയോഗിച്ചു. ബിജെപിക്ക് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചിട്ടും നേരിയ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. അവരുടെ അവകാശവാദങ്ങള്‍ പൊളിഞ്ഞു. പാലക്കാട് പോലും കേവല ഭൂരിപക്ഷം നേടാനായില്ല. യഥാര്‍ത്ഥത്തില്‍ ബിജെപിയെ നേരിട്ടതും പ്രതിരോധിച്ചതും എല്‍ഡിഎഫാണെന്നും ഗോവിന്ദന്‍ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ഉണ്ടായ പരാജയം സംബന്ധിച്ച് വിശദമായ പരിശോധനയാണ് പാര്‍ട്ടി നടത്തിയത്. അപ്രതീക്ഷിത പരാജയം ശരിയായ ദിശാബോധത്തോടെ വിലയിരുത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ല മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
കേരളത്തില്‍ അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33.6 ശതമാനം വോട്ടാണ് ഇടതു മുന്നണിക്ക് ലഭിച്ചത്. ഇപ്പോഴത് 39.73 ശതമാനത്തിലേക്ക് ഉയര്‍ന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ 17 ലക്ഷത്തിലധികം വോട്ടുകളുടെ വര്‍ധന എല്‍ഡിഎഫിന് ഉണ്ടായിട്ടുണ്ട്.
യുഡിഎഫിനും ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് കുറയുകയാണ് ഉണ്ടായിട്ടുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നോക്കിയാല്‍ 60 സീറ്റുകളില്‍ എല്‍ഡിഎഫിന് കൃത്യമായ ലീഡുണ്ട്. നേരിയ വ്യത്യാസത്തിന് മണ്ഡലങ്ങളില്‍ പുറകിലായിട്ടുണ്ടെന്നും അത് പ്രാദേശിക പ്രശ്നങ്ങള്‍ മൂലമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.