സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചില്‍ ഡിസംബര്‍ 14 ന് യഹൂദരുടെ ഹനൂക്കോ ആഘോഷത്തിനിടെ 15 പേരെ വെടിവച്ചു കൊന്ന ഭീകരരില്‍ ഒരാളെ പിന്നില്‍ നിന്ന് ചാടി വീണ് കീഴ്‌പ്പെടുത്തിയതിന് പിന്നിലെ കാരണം പങ്കുവെച്ച് ബോണ്ടി ഹീറോ അഹമ്മദ് അല്‍ അഹമ്മദ്.
ബിബിസിയുടെ പ്രത്യേക അഭിമുഖത്തിലാണ് തോക്കുധാരിയായ സാജിദ് അക്രത്തെ താന്‍ നേരിട്ട നിമിഷം അഹമ്മദ് വിവരിച്ചത്. സിഡ്നിയില്‍ കടയുടമയായ അഹമ്മദ്, രണ്ട് തോക്കുധാരികളിലൊരാളെ പിന്നില്‍ നിന്ന് പിടികൂടി അയാളുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചു വാങ്ങുകയായിരുന്നു.
'ഞാന്‍ എന്റെ വലതു കൈ കൊണ്ട് അവനെ പിടിച്ച് തോക്ക് താഴെയിടൂ, നിങ്ങള്‍ ചെയ്യുന്നത് നിര്‍ത്തൂ എന്ന് അലറി. നിരപരാധികള്‍ കൊല്ലപ്പെടാതിരിക്കാന്‍ അയാളുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചു വാങ്ങുക, ഒരു മനുഷ്യന്റെയെങ്കിലും ജീവന്‍ നഷ്ടമാകുന്നത് തടയുക എന്നതായിരുന്നു എന്റെ ലക്ഷ്യം.
ഞാന്‍ എന്തോ ചെയ്യുന്നതായി എനിക്ക് തോന്നി. എന്റെ ശരീരത്തിലെ, തലച്ചോറിലെ ഒരു ശക്തി ചെയ്യിക്കുന്നതായി തോന്നി. എന്റെ മുന്നില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. തോക്കിന്റെ ശബ്ദം കേള്‍ക്കാനും ആഗ്രഹിച്ചില്ല.
ആളുകള്‍ യാചിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നത് എനിക്ക് കാണാനാകുമായിരുന്നില്ല. അന്നേരം അങ്ങനെ ചെയ്യാന്‍ എന്റെ ആത്മാവാണ് എന്നോട് ആവശ്യപ്പെട്ടത്'- അഹ്‌മദ് പറഞ്ഞു.
തന്റെ പ്രവൃത്തി ധാരാളം ആളുകളെ രക്ഷിച്ചുവെങ്കിലും ജീവന്‍ നഷ്ടപ്പെട്ടവരോട് ഇപ്പോഴും സഹതാപം തോന്നുന്നുവെന്ന് രണ്ടാമത്തെ തോക്കുധാരിയില്‍ നിന്ന് പല തവണ വെടിയേറ്റ് ചികില്‍സയില്‍ കഴിഞ്ഞ അഹമ്മദ് പറഞ്ഞു.
1996 ന് ശേഷം ഓസ്ട്രേലിയയിലുണ്ടായ ഏറ്റവും മാരകമായ കൂട്ട വെടിവപ്പില്‍ പതിനഞ്ച് പേരാണ് മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. ജൂത സമൂഹത്തെ ലക്ഷ്യം വച്ചുള്ള ഒരു ഭീകരാക്രമണമായിരുന്നു നടന്നതെന്ന് അന്വേഷണ ശേഷം പൊലീസ് സ്ഥിരീകരിച്ചു.
അഹമ്മദ് കീഴടക്കിയ സാജിദ് അക്രമിനെ പൊലീസ് വെടിവച്ചു കൊന്നു. ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരു തോക്കുധാരിയും സാജിദിന്റെ മകനുമായ നവീദ് അക്രമിനെതിരെ 15 കൊലപാതക കുറ്റങ്ങളും ഒരു തീവ്രവാദ ആക്രമണവും ഉള്‍പ്പെടെ 59 കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.