പുടിന്റെ വസതിയ്ക്ക് നേരെ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ; പച്ചക്കള്ളമെന്ന് സെലന്‍സ്‌കി

പുടിന്റെ വസതിയ്ക്ക് നേരെ ഉക്രെയ്ന്‍  ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റഷ്യ; പച്ചക്കള്ളമെന്ന് സെലന്‍സ്‌കി

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വസതിയിലേക്ക് ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ.

പുടിന്റെ നോവ്ഗൊറോഡ് മേഖലയിലെ ഔദ്യോഗിക വസതിയിലേക്കാണ് ഉക്രെയ്ന്‍ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലെ റഷ്യയുടെ നിലപാട് മാറ്റാന്‍ ആക്രമണം ഇടയാക്കിയേക്കുമെന്ന് ലാവ്റോവിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം 'ആ രാജ്യത്തിന്റെ ഭീകരവാദം' ആണെന്ന് പറഞ്ഞ ലവ്‌റോവ് ഈ നടപടി അപകടകരമാണെന്നും ഇതിന് മറുപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

ആക്രമണം നടന്നത് എവിടെനിന്നാണെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും റഷ്യന്‍ സേന ഇതിന് തിരിച്ചടി നല്‍കുമെന്നും അദേഹം പറഞ്ഞു. ആക്രമണം നടന്നതായി പറയപ്പെടുന്ന സമയത്ത് പുടിന്‍ വസതിയില്‍ ഉണ്ടായിരുന്നോ ഇല്ലയോ എന്നത് വ്യക്തമല്ല.

നാല് വര്‍ഷമായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണം നടന്നതെന്നും ചര്‍ച്ചകളില്‍ റഷ്യ തുടര്‍ന്നും പങ്കെടുക്കുമെങ്കിലും നിലപാടില്‍ മാറ്റങ്ങളുണ്ടാകുമെന്നും ലാവ്റോവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റഷ്യയെ ആക്രമിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും റഷ്യയാണ് കീവിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെ നിലവില്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.