ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി കടകംപള്ളിയിലേക്ക്; മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി കടകംപള്ളിയിലേക്ക്; മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ള നടന്ന സമയത്ത് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം.

സ്വര്‍ണക്കൊള്ളയിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നതായാണ് കേസില്‍ നേരത്തേ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാര്‍ നല്‍കിയ മൊഴിയെന്നാണ് സൂചന.

ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നതായും പത്മകുമാര്‍ മൊഴി നല്‍കിയതായി വിവരമുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നേരത്തേ പ്രതിപക്ഷം ഉള്‍പ്പെടെ കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണമുന്നയിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

അതേസമയം ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്ന പരാതിയില്‍ ഡി. മണിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം ഇന്ന് രാവിലെ ഡി. മണി തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവുകയായിരുന്നു. മണിയുടെ സുഹൃത്ത് ബാലമുരുകനും ചോദ്യംചെയ്യലിന് ഹാജരായി.

മണിയെ ഡിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ഇയാള്‍ പൂര്‍ണമായും തള്ളി. വിഗ്രഹക്കടത്തില്‍ പങ്കില്ലെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടപെട്ട് ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.