ഫ്‌ളോറിഡ: ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം ഉള്‍പ്പെടെ എട്ട് യുദ്ധങ്ങള്‍ തന്റെ ഇടപെടലില്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു.
വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, മരുമകന്‍ ജാരെഡ് കുഷ്നര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരോടൊപ്പം ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള വസതിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചത്. ഇത്രയൊക്കെ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് ഒരു ക്രെഡിറ്റും ലഭിച്ചില്ലെന്ന നിരാശയും ട്രംപ് വ്യക്തമാക്കി.
'എട്ട് യുദ്ധങ്ങള്‍ പരിഹരിച്ചു, അതിലൊന്ന് അസര്‍ബൈജാന്‍. അത് പറയാന്‍ കഴിയുന്നത് നല്ല കാര്യമാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നോട് പറഞ്ഞു: നിങ്ങള്‍ ആ യുദ്ധം പരിഹരിച്ചെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. കാരണം ഞാന്‍ പത്ത് വര്‍ഷമായി ശ്രമിക്കുകയായിരുന്നു. പക്ഷേ, ഒരു ദിവസം കൊണ്ട് ഞാനത് പരിഹരിച്ചു'-ട്രംപ് പറഞ്ഞു.
വ്യാപാര ഇടപാടുകള്‍ നിര്‍ത്തി വെക്കുമെന്ന താക്കീതിലൂടെയാണ് അത് അവസാനിപ്പിച്ചതെന്നും ട്രംപ് വ്യക്തമാക്കി. 'ഞങ്ങള്‍ നിങ്ങളുമായുള്ള വ്യാപാരം നിര്‍ത്തും. ഇനി വ്യാപാരമുണ്ടാവില്ലെന്ന് അറിയിച്ചു. പിന്നെ 200 ശതമാനം തീരുവ ഏര്‍പ്പെടുത്തി. അടുത്ത ദിവസം അവര്‍ വിളിച്ചു. 35 വര്‍ഷത്തെ പോരാട്ടം അവര്‍ നിര്‍ത്തി'- ട്രംപ് കൂട്ടിച്ചേര്‍ത്തു.
വ്യാപാരക്കരാര്‍ പറഞ്ഞാണ് ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. 'ഇതിനെനിക്ക് ക്രെഡിറ്റ് ലഭിക്കുമോ? ഇല്ല. ഞാന്‍ എട്ടെണ്ണം ചെയ്തു. ഇന്ത്യയും പാകിസ്ഥാനും എന്തു പറയുന്നു. എന്നിട്ട് ബാക്കിയുള്ളത് ഞാന്‍ നിങ്ങളോട് പറയാം'- ട്രംപ് നെതന്യാഹുവിനോട് പറഞ്ഞു.
വെടിനിര്‍ത്തലിന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി മെയ് പത്തിന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതിന് ശേഷംഎഴുപതിലധികം തവണ ട്രംപ് തന്റെ ഇടപെടല്‍ സംബന്ധിച്ച അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിരന്തരമായ നിഷേധങ്ങള്‍ക്കിടയിലും ട്രംപ് തന്റെ വാദം ആവര്‍ത്തിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.