ശബരിമല സ്വര്‍ണക്കൊള്ള: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷണന്‍ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി.

പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക എസ്ഐടി തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അടൂര്‍ പ്രകാശിന് ഒപ്പമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ കണ്ടത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് നില്‍ക്കുന്ന ചിത്രങ്ങള്‍ നേരത്തെ തന്നെ രാഷ്ട്രീയ ആയുധമാക്കി സിപിഎം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ രണ്ട് വട്ടം സന്ദര്‍ശനം നടത്തിയതായാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇതില്‍ ഒരു തവണ അടൂര്‍ പ്രകാശും മറ്റൊരു തവണ ആന്റോ ആന്റണി എംപിയുമാണ് ഒപ്പമുണ്ടായിരുന്നത്.

തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് എടുത്തപ്പോള്‍ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം. എന്നാല്‍ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ പ്രയാസമുള്ള സോണിയ ഗാന്ധിയെ കാണാന്‍ പോറ്റിക്ക് ഇത്ര വേഗത്തില്‍ എങ്ങനെ സാധിച്ചു എന്നത് അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്.

പോറ്റിയുമായി തനിക്ക് സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലൂടെയുള്ള പരിചയം മാത്രമേയുള്ളൂവെന്നും തന്റെ മണ്ഡലത്തില്‍ താമസിക്കുന്ന വ്യക്തി എന്ന നിലയിലാണ് ബന്ധമെന്നുമാണ് അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുന്നത്. ഭീമ ജ്വല്ലറി നല്‍കിയ ആംബുലന്‍സ് സര്‍ക്കാരിന് കൈമാറുന്ന ചടങ്ങിലടക്കം പോറ്റി പങ്കെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.