റിയാദ്: വിഘടനവാദി സംഘങ്ങള്‍ക്ക് നല്‍കാനായി യു.എ.ഇയില്‍ നിന്ന് എത്തിച്ച ആയുധങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ മുക്കല്ല തുറമുഖത്ത് നടത്തി സൗദി അറേബ്യയുടെ വ്യോമാക്രമണം. യു.എ.ഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന് (എസ്.ടി.സി) വേണ്ടിയുള്ള ആയുധ ശേഖരം ആക്രമണത്തില്‍ തകര്‍ത്തെന്ന് സൗദി അറേബ്യ അറിയിച്ചു.
യു.എ.ഇയുടെ കിഴക്കന്‍ തീരത്തുള്ള ഫുജൈറ തുറമുഖത്ത് നിന്നാണ് ആയുധങ്ങള്‍ വഹിച്ച കപ്പലുകള്‍ മുക്കല്ലയില്‍ എത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട സൈനിക പ്രസ്താവനയില്‍ പറയുന്നു.
മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തില്‍ വിഘടന വാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഭീഷണിയാണെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ 'പരിമിതമായ സൈനിക നടപടി'യിലൂടെ കപ്പലുകളില്‍ നിന്ന് ഇറക്കിയ ആയുധങ്ങളും യുദ്ധ വാഹനങ്ങളും തകര്‍ത്തതായും സൗദി സൈന്യം വ്യക്തമാക്കി.
അതേസമയം യമനിലെ ഭീകരവിരുദ്ധ യൂണിറ്റുകളുടെ ദൗത്യം സ്വമേധയാ അവസാനിപ്പിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സമീപകാല സംഭവവി കാസങ്ങളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് തീരുമാനമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് വര്‍ധിച്ചു വരുന്ന സുരക്ഷ വെല്ലുവിളികള്‍ കണക്കിലെടുത്ത് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് മുഹമ്മദ് അല്‍അലിമി രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യമന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ സബയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയം മുതല്‍ 72 മണിക്കൂര്‍ നേരത്തേക്ക് യമനിലെ എല്ലാ കര, കടല്‍, വ്യോമ അതിര്‍ത്തികളും തുറമുഖങ്ങളും പൂര്‍ണമായി അടച്ചുപൂട്ടി. ഹളര്‍മൗത്ത്, അല്‍മഹ്റ ഗവര്‍ണറേറ്റുകളിലെ എല്ലാ സൈനിക വിഭാഗങ്ങളും അറബ് സഖ്യസേനയുമായി പൂര്‍ണമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഉത്തരവിട്ടു.
യാതൊരുവിധ ഏറ്റുമുട്ടലുകളും ഉണ്ടാകാന്‍ പാടില്ലെന്ന് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ ഹളര്‍മൗത്ത്, അല്‍മഹ്റ ഗവര്‍ണര്‍മാര്‍ക്ക് അതത് പ്രവിശ്യകളുടെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പൂര്‍ണ അധികാരം നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.