വാഷിങ്ടന്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 2026 ലും ഏറ്റുമുട്ടല്‍ ഉണ്ടായേക്കാമെന്ന് അമേരിക്കയിലെ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് (സിഎഫ്ആര്‍) റിപ്പോര്‍ട്ട്.
അത്യാധുനിക ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതടക്കം ഇരുപക്ഷത്തുമുള്ള സൈനിക നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിദേശകാര്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി സ്വരൂപിച്ചാണ് സിഎഫ്ആര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
കഴിഞ്ഞ ഏപ്രിലില്‍ കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ 22 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മെയ് മാസത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാനിലെ പല ഭീകര കേന്ദ്രങ്ങളും തകര്‍ന്ന് തരിപ്പണമായി. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു.
തുടര്‍ന്ന് നാല് ദിവസത്തോളം നീണ്ടുനിന്ന സൈനിക ഏറ്റുമുട്ടലാണ് ഉണ്ടായത്. ഡ്രോണുകള്‍ മിസൈലുകള്‍ തുടങ്ങി അത്യാധുനിക ആയുധങ്ങള്‍ ഇരുരാജ്യങ്ങളും പ്രയോഗിച്ചു. പാകിസ്ഥാന്‍ ആസ്ഥാനമാക്കി ഇന്ത്യയ്‌ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതിനായി 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഇന്ത്യ നടപടി തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാനും വ്യോമ പ്രതിരോധ സംവിധാനങ്ങളടക്കം ശക്തമാക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് ചില ആയുധങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള സംഘര്‍ഷ സാധ്യത നിലനില്‍ക്കെ തന്നെയാണ് പാകിസ്ഥാന് തലവേദനയായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആക്രമണമുണ്ടാകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കഴിഞ്ഞ മാസങ്ങളില്‍ പലവട്ടം സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ഇരുപക്ഷത്തും ആള്‍ നാശവുമുണ്ടായി. 2026 ല്‍ പാക്-അഫാഗാന്‍ സംഘര്‍ഷത്തിനും സാധ്യതയുണ്ടെന്ന് സിഎഫ്ആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.