മുംബൈ: മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മത പരിവര്‍ത്തനമല്ലെന്നും സിഎസ്‌ഐ വൈദികന്‍ സുധീര്‍. സുഹൃത്തിന്റെ കുടുംബത്തിലെ പിറന്നാള്‍ ആഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ നാഗ്പൂരിലെ ഷിഗോഡിയിലുള്ള വീട്ടിലെത്തിയത്.
ക്രിസ്മസ് കൂടിയായതിനാല്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഏതാനും ക്രിസ്മസ് ഗാനങ്ങളും പാടിയിരുന്നു. ശേഷം പിറന്നാളുമായി ബന്ധപ്പെട്ട സന്ദേശവും നല്‍കി. വീട്ടുകാരുടെ കുടുംബാംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. മതപരിവര്‍ത്തനമൊന്നും ഇവിടെ നടന്നിട്ടില്ല.
കുട്ടികള്‍ പാട്ട് പാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്നതിനിടെയാണ് വലിയൊരു സംഘം ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ വന്ന് പ്രശ്നമുണ്ടാക്കുന്നത്. നാല്‍പതോളം പേര്‍ വീടിനു പുറത്തുണ്ടായിരുന്നു. തൊട്ടു പിന്നാലെ പൊലീസും എത്തി. ഭക്ഷണം കഴിക്കാനിരിക്കെ അതേപടി തന്നെ പൊലീസ് ഞങ്ങളെ വാഹനത്തില്‍ കയറ്റികൊണ്ടു പോകുകയായിരുന്നുവെന്ന് ജാമ്യം ലഭിച്ചതിനു ശേഷം പുറത്തിറങ്ങിയ ഫാ. സുധീര്‍ പറഞ്ഞു.
പൊലീസ് സ്റ്റേഷന് പുറത്തും വലിയൊരം സംഘം ബജ്റങ് ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. സഹായിക്കാനായി പൊലീസ് സ്റ്റേഷനില്‍ വന്ന രണ്ട് പുരോഹിതര്‍ക്കും മടങ്ങാന്‍ കഴിഞ്ഞില്ല. ആകെ ഭയപ്പാടിലായിരുന്നു. പിറന്നാള്‍ ആഘോഷിച്ച യുവാവിനെയും പൊലീസ് പ്രതി ചേര്‍ത്തുവെന്നത് ഭീകരമായ അവസ്ഥയാണ്.
എന്താണ് ഇവിടെ നടന്നതെന്ന് മനസിലാക്കാനുള്ള ശ്രമവും നടന്നിട്ടില്ല. ക്രിസ്മസ് ഗാനങ്ങള്‍ പാടുന്നതും ഡാന്‍സ് കളിക്കുന്നതും മതപരിവര്‍ത്തനത്തിന്റെ ഭാഗമായി വരുന്നതാണോ. അങ്ങനെയാണെങ്കില്‍ മറ്റു മതങ്ങളുടെ ആഘോഷങ്ങളും മതപരിവര്‍ത്തനത്തില്‍ വരേണ്ടതല്ലേ. രീതികള്‍ മാറുന്നു എന്ന് തന്നെയാണ് മനസിലാക്കേണ്ടതെന്ന് ഫാ. സുധീര്‍ പറഞ്ഞു. കേസില്‍ വൈദികനൊപ്പം അറസ്റ്റിലായ മറ്റ് 11 പേര്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.