ഉസ്മാന്‍ ഹാദി വധക്കേസ്: ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് അവകാശപ്പെട്ട പ്രതി ദുബായില്‍

ഉസ്മാന്‍ ഹാദി വധക്കേസ്: ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് അവകാശപ്പെട്ട പ്രതി ദുബായില്‍

ധാക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ കരീം മസൂദ് യുഎഇയിലെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയിലേക്ക് കടന്നെന്ന് ബംഗ്ലാദേശ് പൊലീസ് അവകാശപ്പെട്ട പ്രതിയാണ് ഇപ്പോള്‍ യുഎഇയില്‍ എത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്ന് ഒരു വീഡിയോയും ഇയാള്‍ പുറത്തുവിട്ടു.

ദുബായിലാണ് നിലവിലുള്ളതെന്ന് വീഡിയോയില്‍ ഫൈസല്‍ കരീം മസൂദ് പറയുന്നുണ്ട്. ഉസ്മാന്‍ ഹാദിയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് ഫൈസല്‍ കരീം പറയുന്നത്. തന്നെയും കുടുംബത്തെയും കേസില്‍ കുടുക്കുകയായിരുന്നുവെന്നും ജീവന്‍ രക്ഷാര്‍ത്ഥമാണ് ദുബായിലേക്ക് വന്നതെന്നും ഫൈസല്‍ പറയുന്നു. ഹാദിയുടെ കൊലയ്ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്. ഹാദിയെ വാര്‍ത്തെടുത്തത് തന്നെ ജമാഅത്തെ ഇസ്ലാമിയാണെന്നും ജമാഅത്തെ പ്രവര്‍ത്തകരാണ് ഹാദിയെ കൊലപ്പെടുത്തിയതെന്നും ഫൈസല്‍ വെളിപ്പെടുത്തുന്നു. ഹാദിയുമായി തനിക്ക് ബിനിസന് പങ്കാളിത്തമുണ്ടായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഹാദിക്ക് ചില ഘട്ടങ്ങളില്‍ താന്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും ഫൈസല്‍ വീഡിയോയില്‍ പറയുന്നു.



നേരത്തേ ഉസ്മാന്‍ ഹാദി വധക്കേസിലെ പ്രധാന പ്രതികളായ ഫൈസല്‍ കരീം മസൂദും ആലംഗീര്‍ ഷെയ്ഖും ഇന്ത്യയിലേക്ക് കടന്നുവെന്ന അവകാശവാദവുമായി ധാക്ക മെട്രോപോളിറ്റന്‍ പൊലീസ് രംഗത്തെത്തിയിരുന്നു. മേഘാലയയിലെ ഹാലുഘട്ട് അതിര്‍ത്തി വഴി പ്രതികള്‍ കടന്നു എന്നായിരുന്നു പൊലീസിന്റെ വാദം. പ്രതികള്‍ക്ക് രാജ്യം വിടാന്‍ പ്രാദേശിക സഹായം ലഭിച്ചിരുന്നു. പ്രതിയെ ഇന്ത്യന്‍ അധികൃതര്‍ കസ്റ്റഡിയയില്‍ എടുത്തതായാണ് അറിയാന്‍ കഴിയുന്നതെന്നും ധാക്ക പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി ബിഎസ്എഫും മേഘാലയ പൊലീസും രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന്റെ അവകാശ വാദങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി വ്യക്തമാക്കിയിരുന്നു.

ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയ പ്രക്ഷോഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഉസ്മാന്‍ ഹാദി. 2026 ല്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെ ആയിരുന്നു അന്ത്യം. ധാക്കയിലെ ബിജോയ്നഗര്‍ പ്രദേശത്ത് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതര്‍ ഹാദിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റതോടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമാകുകയും കൂടുതല്‍ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.