പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

പുത്തന്‍ പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം

കൊച്ചി: പുത്തന്‍ പ്രതീക്ഷകളും ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവര്‍ഷം ആദ്യം എത്തിയത്. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നോടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്.

പിന്നാലെ ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയയും ആഘോഷത്തോടെ പുതുവര്‍ഷത്തെ വരവേറ്റു. ഇന്ത്യന്‍ സമയം 9:30 നായിരുന്നു ചൈനയില്‍ പുതുവത്സരം എത്തിയതെങ്കില്‍ ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ച 1:30നായിരുന്നു യുഎഇ പുതുവത്സരം പിറന്നത്. ലോക റെക്കോഡിട്ടായിരുന്നു യുഎഇയിലെ പുതുവര്‍ഷ ആഘോഷം. റാസ് അല്‍ ഖൈമയില്‍ പതുവത്സരാഘോഷത്തില്‍ 2400 ഡ്രോണുകളും ആറ് കിലോമീറ്റര്‍ നീളത്തിലുള്ള വെടിക്കെട്ടും തീര്‍ത്താണ് പുതുവത്സരത്തില്‍ വിസ്മയം സൃഷ്ടിച്ചത്.

ബുര്‍ജ് ഖലീഫയും ദുബായ് ഫ്രെയിമും പുതുവത്സരത്തെ ആവേശത്തോടെ വരവേറ്റു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2:30 ന് റഷ്യയിലും പുലര്‍ച്ചെ 5:30 ന് ബ്രിട്ടനിലും പുതുവത്സരം പിറന്നു.

ന്യൂഡല്‍ഹിയില്‍ കനത്ത സുരക്ഷയിലായിരുന്നു പുതുവത്സരാഘോഷം. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും പുതുവത്സരത്തെ ആഘോഷത്തോടെയാണ് വരവേറ്റത്. ഫോര്‍ട്ട് കൊച്ചിയില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഒത്തുചേര്‍ന്നത്.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025 നോട് വിട പറഞ്ഞതും 2026 നെ വരവേറ്റതും. പുതുവര്‍ഷപ്പിറവിയുടെ അടയാളമായ പപ്പാഞ്ഞിയെ കത്തിക്കലും നടന്നു. ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റന്‍ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റ് പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവര്‍ഷത്തെ എതിരേറ്റു.

ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറു പപ്പാഞ്ഞികളും ഫോര്‍ട്ട് കൊച്ചിയില്‍ കത്തിയമര്‍ന്നു. തിരുവനന്തപുരം വെള്ളാറിലെ കേരളാ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് 2026 നെ സ്വാഗതം ചെയ്തത്.

കോവളം അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലും നവവത്സരാഘോഷങ്ങള്‍ ഗംഭീര പരിപാടികളോടെ നടന്നു. ലോകത്ത് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്.

അവസാനം പുതുവര്‍ഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.