നിണമണിഞ്ഞ പുതുവത്സരാഘോഷം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; പ്രദേശത്തെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

നിണമണിഞ്ഞ പുതുവത്സരാഘോഷം: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി; പ്രദേശത്തെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം

ക്രാന്‍സ് മൊണ്ടാന: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാറിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പതായി. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ നൂറോളം പേരുടെ നില ഗുരുതരമാണ്. ആല്‍പൈന്‍ സ്‌കീ റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ് മൊണ്ടാനയിലെ കോണ്‍സ്റ്റലേഷന്‍ ബാറിലാണ് സ്ഫോടനമുണ്ടായത്.

പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പുതുവര്‍ഷം പുലര്‍ന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇരുനൂറോളം പേര്‍ ബാറില്‍ ഉണ്ടായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇരയായവരില്‍ അധികവും വിനോദ സഞ്ചാരികളാണ്. ക്രാന്‍സ് മൊണ്ടാനയിലെ ആശുപത്രികള്‍ പൊള്ളലേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയണ്.

ആഡംബര റിസോര്‍ട്ടുകള്‍ ഏറെയുള്ള മേഖലയാണ് ക്രാന്‍സ് മൊണ്ടാന. ആല്‍പ്സ് പര്‍വ്വത നിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. അപകടത്തെ തുടര്‍ന്ന് ക്രാന്‍സ് മൊണ്ടാന മേഖലയിലൂടെയുള്ള വിമാന സര്‍വ്വീസുകള്‍ക്ക് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ വലൈസ് കാന്റണിലെ പ്രോസിക്യൂട്ടര്‍ ജനറല്‍ ബിയാട്രിസ് പില്ലൗഡ് ബിബിസിയോട് പറഞ്ഞു.

ഇരകളെ തിരിച്ചറിയാനും അവരുടെ മൃതദേഹങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് തിരികെ നല്‍കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പില്ലൗഡ് കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനും പ്രദേശം സുരക്ഷിതമാക്കുന്നതിനുമുള്ള അടിയന്തര സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.